കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി തേടി കര്‍ഷകന്‍

കഞ്ചാവ് കൃഷിക്ക് ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ അനില്‍ പാട്ടീല്‍ ആണ് കഞ്ചാവ് കൃഷിക്ക് അനുമതി തേടിയത്. നിലവില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്കൊന്നും കാര്യമായ വിലയില്ല. എന്നാല്‍ കഞ്ചാവിന് നല്ല വിലയുണ്ട്. സെപ്റ്റംബര്‍ 15ന് മുമ്പ് അപേക്ഷയില്‍ മറുപടി തരണമെന്നും ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 16 മുതല്‍ മൗനം സമ്മതമായി കണ്ട് കഞ്ചാവ് കൃഷി ആരംഭിക്കുമെന്നും അപേക്ഷയില്‍ പറയുന്നു.

കഞ്ചാവ് കൃഷി തുടങ്ങിയ ശേഷം നിയമനടപടി വന്നാല്‍ ഉത്തരവാദിത്തം ജില്ലാ അധികൃതര്‍ക്കായിരിക്കുമെന്നും അപേക്ഷയിലുണ്ട്. അപേക്ഷ കലക്ടര്‍ പൊലീസിന് കൈമാറി. എന്നാല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് അപേക്ഷയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവ് കൃഷി ചെയ്താല്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.