സംസ്ഥാനത്തെ ഹോം ഐസൊലേഷനും പരാജയം , വീട്ടില്‍വെച്ചു മരിച്ചത് 444 കൊവിഡ് രോഗികള്‍

വീടുകള്‍ക്കുള്ളിലെ കൊവിഡ് വ്യാപനത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തു വിട്ടതിന് പിന്നാലെ ആരോഗ്യവകുപ്പിനെ ഞെട്ടിച്ച് ഹോം ഐസലേഷനില്‍ കഴിഞ്ഞവരിലെ മരണക്കണക്കും. ഹോം ഐസലേഷനില്‍ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചെന്നാണ് അവലോകന റിപ്പോര്‍ട്ട്. 444 രോഗികള്‍ വീട്ടില്‍ തന്നെ മരിച്ചെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തു വിട്ടത്. ഇതോടെ മറ്റസുഖങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തര പരിശോധന നടത്താനും, പരമാവധി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.