എതിര്‍പ്പുകള്‍ക്ക് ഇടയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും നിരക്ക് കൂട്ടി. അഞ്ച് ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വര്‍ധന. നേരത്തെ തന്നെ പാലിയേക്കരയിലെ ടോള്‍ പ്ലാസക്കെതിരേ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ടോളില്‍ വര്‍ധനവും വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് 160 രൂപയാക്കി. ചെറിയ ചരക്ക് വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 140 രൂപയും ഇരുഭാഗത്തേക്കുമായി 205 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 275 രൂപയും ഇരുഭാഗത്തേക്കുമായി 415 ആണ് പുതിയ നിരക്ക്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയും ഇരുഭാഗത്തേക്കുമായി 665 രൂപയുമാണ് നിരക്ക്. 

സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം തൃശൂര്‍ ജില്ലയില്‍ തന്നെ കുതിരാന്‍ തുരങ്കത്തോട് അനുബന്ധിച്ച് വടക്കുഞ്ചേരിയില്‍ പുതിയൊരു ടോല്‍ പ്ലാസ കൂടി നിര്‍മിക്കുന്നുണ്ട്.