അവധാനപൂര്‍വ്വ സാമൂഹ്യജീവിതം നയിക്കുന്നവരില്‍ ഓസ്ട്രിയക്കാര്‍ രണ്ടാം സ്ഥാനത്ത്
വര്‍ഗീസ് പഞ്ഞിക്കാരന്‍, വിയന്ന
കൊറോണയുടെ അതിപ്രസരത്തില്‍ മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ സ്വയം ശ്രദ്ധയും സാമൂഹ്യ ശ്രദ്ധയും പാലിക്കുന്നതില്‍ ജാഗ്രതയുള്ളവരായി. ഇത് മനുഷ്യരെ അകല്ച്ചയുള്ളവരാക്കി. എന്നാല്‍ സാമൂഹ്യ അകലം സൂക്ഷിക്കുമ്പോള്‍ നമ്മുടെ അയല്ക്കാരന് നമ്മുടെ ഹൃദയത്തോട് അടുക്കുകയാണ് സാക്ഷാല്‍ ചെയ്തിരിക്കുന്നത്. കാരണം അവരോടുള്ള കരുതലിലാണ് ഈ സാമൂഹ്യ അകലം പാലിക്കപ്പെടുന്നത്.
യൂറോപ്പിലെ സുന്ദരരാജ്യമായ ഓസ്ട്രിയയുടെ പശ്ചാലത്തില്‍ അത് വിശദമാക്കാം. സുഖമായി, സ്വസ്ഥമായി, സുരക്ഷയില്‍ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു രാജ്യമായി ഓസ്ട്രിയ നേരത്തെ തന്നെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിരിക്കുന്നതാണ്. ഇപ്പോഴിതാ അതിനേക്കാളെല്ലാം വിലയേറിയ ഒരു സവിശേഷത (സുകൃതമെന്നും വിളിക്കാം) ഓസ്ട്രിയയിലെ ജനങ്ങള്‍ക്ക് ഉള്ളതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സാമൂഹ്യ ശ്രദ്ധ അഥവാ സാമൂഹ്യ അവധാനം ആണ് ഈ സുകൃതം.
ഈ വിഷയത്തെപ്പറ്റി കൊറോണ കാലഘട്ടത്തില്‍ നടത്തിയ ഗവേഷണം ഏറെ ശ്രദ്ധേയമാണ്. 31 രാജ്യങ്ങളിലെ 8300 വ്യക്തികളുമായി വിവിധരാജ്യങ്ങളിലുള്ള 65 സാമൂഹ്യശാസ്ത്രജ്ഞന്മാര് ബന്ധപ്പെട്ടു നടത്തിയ ഒരു പഠനത്തിന്റെ ഫലമായിട്ടാണ് ജപ്പാനിലെ ജനത കഴിഞ്ഞാല്‍ ഓസ്ട്രിയക്കാര്‍ ഏറ്റവും നന്നായി സാമൂഹ്യ അവധാനപൂര്‍വ്വം ജീവിക്കുന്നവരാണെന്നു കണ്ടെത്തിയിരിക്കുന്നത്.
സ്വന്തമായി ഒരു തീരുമാനം എടുക്കുന്ന പ്രക്രിയയില്‍ തന്നെ അത് മറ്റുള്ളവരില്‍ എന്ത് പ്രത്യാഘാതം ആയിരിക്കും സൃഷ്ടിക്കുന്നതെന്ന് വിചിന്തനം ചെയ്യുന്നതാണ് സാമൂഹ്യജീവിതത്തില്‍ അവധാനം എന്ന് ഓസ്ട്രിയയിലെ ഗ്രാത്സ് സര്‍വകലാശാലയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റായ ഉര്‍സുല അതെന്‍സ്റ്റെഡ്ത് ചൂണ്ടിക്കാട്ടി. സഹകരണബോധത്തോടുകൂടി സംരംഭങ്ങള്‍ നടത്തുന്നതിനെപ്പറ്റി പലപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എന്നാല്‍ സാമൂഹ്യജീവിതത്തില്‍ അവധാനം ഒരു അന്തര്‍ധാര ആണ്, അതിനെപ്പറ്റി ആരും തന്നെ ചിന്തിക്കാറില്ല, അതിനെ ശക്തിപ്പെടുത്താന്‍ അപൂര്‍വം ചിലര്‍ മാത്രമേ ബുദ്ധിമുട്ടാറുള്ളൂ. ജീവിതത്തില്‍ എന്തിനെല്ലാമാണ് നമ്മള് വിലകല്പിക്കുന്നത് എന്നതിലേക്കുള്ള ചൂണ്ടുപലക ആണ് നമ്മുടെ അവധാനം. കൊച്ചു കൊച്ചു ഭാവപ്രകടനങ്ങളിലൂടെ ദര്‍ശിക്കാവുന്ന ഒന്നാണ് സൗമ്യതയും സാമൂഹ്യ അവധാനവും; എന്നിരുന്നാലും ‘ഒത്തൊരുമിച്ചു മുന്നോട്ടുപോകുക’, ‘ഒരാള്‍ എല്ലവര്‍ക്കും എല്ലാവരും ഓരോരുത്തര്‍ക്കും’ എന്നീ മുദ്രാവാക്യങ്ങള്‍ വലിയ സമൂഹങ്ങളില്‍ വിജയപ്രദമായി നടപ്പിലാക്കാന്‍ അവ അത്യാവശ്യമാണ് എന്ന് ഉര്‍സുല അതെന്‍സ്റ്റെഡ്ത് രേഖപ്പെടുത്തി.
നല്ല രുചിയുള്ള ഒരു കേക്ക് മുമ്പിലിരിക്കുമ്പോള്‍ ആര്‍ക്കെല്ലാം അതിന്റെ രുചി ആസ്വദിക്കാന്‍ സാധിക്കണം എന്നത് സംബന്ധിച്ച് നമ്മുടെ മനസിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാകേണ്ട ഒരു പ്രക്രിയ എന്നുവേണമെങ്കില്‍ സാമൂഹ്യ അവധാനത്തെപ്പറ്റി പറയാം. മനുഷ്യജീവനും ജീവിതത്തിനും എന്ത് വിലയാണോ കല്പിക്കുന്നത് അതനുസരിച്ചായിരിക്കും അവധാനപൂര്‍വ്വമുള്ള സാമൂഹ്യജീവിതവും എന്ന് ഉര്‍സുല അതെന്‍സ്റ്റെഡ്ത് ഉറപ്പിച്ചു പറയുന്നു. ഇതര സംസ്കാരങ്ങളില്‍ നിന്ന് എത്തിച്ചേരുന്നവരോടുള്ള ഭൂരിപക്ഷം ഓസ്ട്രിയക്കാരുടെയും നിലപാട് ഇതിനു തെളിവാണ്. മാത്രമല്ല, പാരമ്പരാഗതമായിതന്നെ ഓസ്ട്രിയന്‍ സൗമ്യഭാവം അവരുടെ സാമൂഹ്യ അവധാനത്തിന്റെ മുന്നോടിയും അതേസമയം പ്രതിഫലനവുമായാണ് വിലയിരുത്തപ്പെടുന്നത്.
അവധാന പൂര്‍വ ജീവിതത്തില്‍ ഏറ്റവും അവസാന സ്ഥാനത്തു നില്ക്കുന്ന 4 രാജ്യങ്ങളാണ് തെക്കേ ആഫ്രിക്ക, ഇന്ത്യ, തുര്‍ക്കി, ഇന്തോനേഷ്യ. ജനതകളുടെ ഇടയില്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉള്ളത് എന്നു കണ്ടുപിടിക്കുക എളുപ്പമല്ല എന്നും അതിനെപ്പറ്റി കൂടുതല്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും സുറിച്ച് ടെക്നിക്കല്‍ സര്‍വകലാശാലയിലെ റയാന് ഓ. മര്‍ഫി പ്രസ്താവിച്ചു. ഗവേഷണത്തില്‍ കണ്ടെത്തിയ ഒരു പ്രധാന വസ്തുത എന്തെന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍ പരിസ്ഥിതിസംരക്ഷണത്തിനു കൂടുതല്‍ വിലകല്പിക്കുന്നുണ്ടോ അവിടെയെല്ലാം അതനുസരിച്ചു കൂടുതല്‍ സാമൂഹ്യ അവധാനവും നിരീക്ഷിക്കപ്പെടുന്നുണ്ട്.
ഇന്ത്യ എന്തുകൊണ്ടാണ് അവധാനപൂര്‍വ ജീവിതം ഏറ്റവും കുറഞ്ഞ 4 രാജ്യങ്ങളില്‍ എത്തിപ്പെടാന്‍ കാരണം എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കേരളത്തില്‍ കൊറോണ ഇപ്പോള്‍ താണ്ഡവമാടുന്നതും ഈ സാമൂഹ്യഅവധാനപൂര്വ ജീവിതം തീരെ ഇല്ലാത്തതു കൊണ്ടാണ് എന്ന് പറഞ്ഞാല്‍ അതില്‍ തര്‍ക്കമുണ്ടാകില്ല.
ഓസ്ട്രിയ പ്രക്രുതിസൗന്ദര്യം തുളുമ്പി നില്ക്കുന്ന രാജ്യമാണ്. വളരെ സിസ്റ്റമാറ്റിക് ആയി കാര്യങ്ങള്‍ നടക്കുന്ന, സുസ്ഥിരതയുള്ള നാടാണ് ഇത്. പക്ഷെ ഇവിടെ അവധാനപൂര്‍വ ജീവിതം നയിക്കാനുള്ള ജനങ്ങളുടെ താല്പര്യം കൊണ്ടുകൂടിയാണ് ഈ രാജ്യത്തെ ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഒരു രാജ്യം ആയി തിരഞ്ഞെടുത്തതെന്ന് ഇവിടെ ജീവിക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഓസ്ട്രിയയെയും ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന പേരില്‍ വിളിക്കുന്നതില്‍ തെറ്റില്ല.
‘ഗോഡ്സ് ഓണ്‍ കണ്ട്രി’ ആയ കേരളത്തില്‍ അവധാനപൂര്‍വ ജീവിതരീതി വഴി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആ പേര് അന്വര്‍ത്ഥമാകണമെങ്കില്‍ ഈ ജീവിതരീതി അവിടുത്തെ മനുഷ്യര്‍ സ്വീകരിക്കണം. കേരളത്തെ ഭാവിയില്‍ ആകര്ഷണീയമാക്കണമെങ്കില് പ്രകൃതിസൗന്ദര്യം മാത്രം പോരാതെവരും എന്നത് തീര്‍ച്ചയാണ്. അതേസമയം സ്ഥാപിതമതങ്ങള്ക്കും ഉയര്‍ന്ന സാക്ഷരതക്കും വിദ്യാഭ്യാസത്തിനും സമ്പത്തിനും സാധിക്കാത്ത പലതും ആര്‍ഷഭാരത സംസ്കാരം ശ്രോതസ്സായിട്ടുള്ളതും അതില്‍ അധിഷ്ഠിതവുമായ അവധാനപൂര്‍വ ജീവിതത്തിനു സാധിക്കും.
അവധാനപൂര്‍വ്വ ജീവിതം ലക്ഷ്യമാക്കിയുള്ള ധ്യാന രീതി ഓസ്ട്രയായിലെ മലയാളികളിലും എത്തിത്തുടങ്ങി. ഈ വിഷയത്തില്‍ പരിശീലനം നല്കുന്ന വ്യക്തിയാണ് ആന്റണി പുത്തന്‍പുരക്കല്‍ വര്‍ഷങ്ങളായി ഓസ്ട്രിയയില്‍ പല ഗ്രൂപ്പുകള്‍ക്കായി അവധാനപൂര്‍വ്വ ജീവിതത്തെ ആസ്പദമാക്കി പരിശീലനം നടത്തിവരുന്ന അദ്ദേഹം ഇപ്പോള്‍ മലയാളികള്‍ക്ക് മാത്രമായി ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പും തുടങ്ങിയട്ടുണ്ട്. ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്പര്യമുള്ളവര്ക്കു mymindfultraining@gmail.com എന്ന ഇമെയിലിലൂടെ ബന്ധപ്പെടാവുന്നതാണ്.