പഠനസൗകര്യമില്ലെന്ന് പരാതിപ്പെട്ട പത്താം ക്ലാസുകാരിക്ക് മൊബൈല്‍ ഫോണുമായി നേരിട്ടെത്തി സുരേഷ് ഗോപി

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന സങ്കടം വിളിച്ചറിയിച്ച വിദ്യാര്‍ഥിനിയുടെ വീട്ടില്‍ മൊബൈല്‍ ഫോണ്‍ നല്കാന്‍ നേരിട്ടെത്തി സുരേഷ് ഗോപി എം.പി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ കൃഷ്ണന്റെ മകള്‍ അരുന്ധതിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത്. പഠിക്കാന്‍ മൊബൈല്‍ ഫോണും നല്‍കി പാതിവഴിയില്‍ നിലച്ചു പോയ വീടു നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണ് എം.പിയുടെ മടക്കം. ആകെയുണ്ടായിരുന്ന ഫോണ്‍ കേടായതോടെ പത്താംക്ലാസ് പഠനം പ്രതിസന്ധിയിലായതിനെത്തുടര്‍ന്നായിരുന്നു അരുന്ധതി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വിളിച്ചത്. വീട്ടിലെ ടെലിവിഷനും കേടാണ്.

മേശയും കസേരയും ഇല്ലാത്തതുകൊണ്ട് പഠനം നിലത്തിരുന്നാണന്നും പറഞ്ഞതോടെയാണ് അരുന്ധതിയെ തേടി എം.പി നേരിട്ടെത്തിയത്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ഥിനി ബോധ്യപ്പെടുത്തിയിരുന്നു. സുരേഷ് ഗോപി വീട്ടില്‍ നേരിട്ടെത്തുമെന്ന് അറിയിച്ചതോടെ അരുന്ധതിയും കുടുംബവും അമ്പരപ്പിലായി. വീട്ടിലേക്കാവശ്യമായ മേശയും കസേരകളും എം.പി എത്തിച്ചു നല്‍കിയിരുന്നു. അരുന്ധതിയുടെ വീടു നിര്‍മാണത്തിന് തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.