പുന:സംഘടന ; ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മറുപടിയുമായി വി.ഡി. സതീശന്‍
ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം തള്ളിയ അദ്ദേഹം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് വ്യക്തമാക്കി. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. താഴെ തട്ടില്‍ ഉള്ളവരുടെ വരെ അഭിപ്രായങ്ങള്‍ തേടിയെന്നും, ഇതുവരെ ഇത്തരത്തില്‍ ഒരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഡി.സി.സി. ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല.
ഇപ്പോഴത്തെ 14 പേരില്‍ ആരാണ് പെട്ടി തൂക്കികളെന്ന് വിശദീകരിക്കണമെന്നും വി.ഡി. സതീശന്‍ അവധ്യപ്പെട്ടു. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ വിമര്‍ശനം നടത്താന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കെ.പി. അനില്‍ കുമാറിന്റെ വിമര്‍ശനം കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി. പുനഃസംഘടനയില്‍ വനിതകള്‍ക്ക് മികച്ച പരിഗണന നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡി.സി.സി. പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ. സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യു.ഡി.എഫി.നെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ രൂപപ്പെട്ട തര്‍ക്കങ്ങള്‍ സജീവമായി നിലനില്‍ക്കേ തുടര്‍ന്നുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കെണ്ടെന്നാണ് നേതാക്കള്‍ക്ക് ലഭിച്ച പുതിയ നിര്‍ദേശം. ഹൈക്കമാന്‍ഡ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വന്‍ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി. അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാല്‍ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. പതിവിനു വിപരീതമായി കടുത്ത പരാമര്‍ശമാണ് ഉമ്മന്‍ചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉടനീളം അതൃപ്തി പ്രകടമായിരുന്നു.