ചെയ്യാത്ത കുറ്റത്തിന് 36 ദിവസം പീഡനം ; മാനനഷ്ടത്തിന് ഏതറ്റം വരെയും പോകുമെന്നു യുവാവ്

മനസ് കൊണ്ട് പോലും അറിയാത്ത കുറ്റത്തിന് തന്നെ 36 ദിവസം പീഡനത്തിന് ഇരയാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പോക്‌സോ കേസില്‍ ജാമ്യം ലഭിച്ച പതിനെട്ടുകാരന്‍ ശ്രീനാഥ്. പെണ്‍കുട്ടിയുടെ വാക്ക് മാത്രം കേട്ട് പോലീസ് തന്നെ ഉള്ളിലടക്കുക ആയിരുന്നു എന്ന് പോക്‌സോ കേസില്‍ ഡി എന്‍ എ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച തിരൂരങ്ങാടി സ്വദേശി ശ്രീനാഥ് പറഞ്ഞു. 18 കാരനായ ശ്രീനാഥ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 ദിവസമാണ് പീഡന കുറ്റത്തിന് ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍ ഡി എന്‍ എ ഫലം നെഗറ്റീവായതോടെയാണ് 18 കാരന് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. കൊടിയ മാനസിക പീഡനം ആണ് ഈ ദിവസങ്ങളില്‍ ഉണ്ടായത് എന്ന് ശ്രീനാഥ്.പറയുന്നു. സ്‌ക്കൂളില്‍ നിന്ന് കണ്ട് പരിചയം മാത്രം ഉള്ള തനിക്കെതിരെ എന്തുകൊണ്ടാണ് പീഡന കുറ്റം ആരോപിച്ചതെന്ന് അറിയില്ല എന്നും ശ്രീനാഥ് പറഞ്ഞു.

‘ എനിക്ക് 18 വയസെ ആയിട്ടുള്ളൂ. ഇതിനിടയ്ക്ക് മൂന്ന് ജയിലുകളില്‍ കയറിയിറങ്ങി. ഒരു ദിവസം പോലും കണ്ണടക്കാന്‍ ആയിട്ടില്ല.ഒരു തെറ്റും ചെയ്യാത്ത ഒരാളെ ആണ് ഇങ്ങനെ ചെയ്തത്.ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുക ആണ്. ഞാന്‍ ആ പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച് കണ്ടിട്ടുണ്ട്. പ്രണയമോ അടുപ്പമോ ഇല്ല. ഇനി ഇപ്പൊ എന്തും ഉണ്ടാക്കി പറയാം. ഇതിലും വലിയ മൊഴി കൊടുത്ത കുട്ടിക്ക് ഇത് പറയാന്‍ എന്താണ് ബുദ്ധിമുട്ട് ഉണ്ടാവുക. പോലീസുകാരില്‍ ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും തെറി പറയുമായിരുന്നു. വണ്ടിയില്‍ കയറിയാല്‍ റേഡിയോ ഓണ്‍ ചെയ്ത പോലെ ആണ് തെറി പറഞ്ഞിരുന്നത്. എന്റെ പ്രായം പോലും അവര്‍ നോക്കിയിരുന്നില്ല. എന്നെ എപ്പോഴും വിലങ്ങ് ഇട്ടാണ് എല്ലായിടത്തും കൊണ്ടുപോയിരുന്നത്. മെഡിക്കലിനും ഒക്കെ. എല്ലാവരും ഒരു വലിയ കുറ്റവാളിയെ എന്ന പോലെ ആണ് എന്നെ നോക്കിയത്. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ എന്നെ അടിച്ചിരുന്നു. എനിക്ക് കേള്‍ക്കാന്‍ വരെ ബുദ്ധിമുട്ട് ഉണ്ടായി.’ ശ്രീനാഥ് ചോദ്യങ്ങള്‍ക്ക് മറുപടി ആയി പറഞ്ഞു.

പതിനെട്ടുകാരന്‍ മകനെക്കുറിച്ചാണ് ഈ മാതാപിതാക്കളുടെ സങ്കടം. ജൂലൈ മാസം 22 ന് രാത്രിയാണ് ശ്രീനാഥിനെ വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പൊലീസ് പിടിച്ചുകൊണ്ടുപോയത്, പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. കത്തികാണിച്ച് ഭീഷണിപെടുത്തി കൈകള്‍ തോര്‍ത്തുപയോഗിച്ച് കെട്ടിയിട്ടാണ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിപ്രകാരം തോര്‍ത്തുമുണ്ടും കത്തിയും തെളിവായി പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ‘പെണ്‍കുട്ടിയുടെ കുടുംബം മറ്റാരെയോ രക്ഷിക്കാന്‍ ശ്രമിക്കുക ആണെന്ന് കരുതേണ്ടി വരുമെന്ന് ശ്രീനാഥിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു.’ ഇപ്പൊ നടന്നതെല്ലാം കാണുമ്പോള്‍ അങ്ങനെ ആണ് തോന്നുന്നത്. ഞങ്ങള്‍ക്ക് ആരെയും സംശയം ഒന്നും പറയാന്‍ ആകില്ല. പക്ഷേ ഇവര്‍ ആരെയോ രക്ഷിക്കാന്‍ ആണ് ഇത് ചെയ്തത് എന്ന് തോന്നുന്നു.

ഈ ദിവസം കൊണ്ട് ഞങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ട്. എല്ലാം പ്രശ്‌നത്തില്‍ ആയി. ഇതിനെല്ലാം നഷ്ടപരിഹാരം വേണം. അത് കിട്ടിയേ തീരൂ. എന്റെ കുട്ടിക്ക് ഇതില്‍ ഒരു ബന്ധവും ഇല്ല. ഇവിടെ വന്ന പോലീസ് അടുത്ത വീട്ടിലെ ഒരു ബൈക്കിന്റെ ഫോട്ടോ എടുത്ത് കുട്ടിക്ക് അയച്ച് കൊടുത്തു. അപ്പൊള്‍ കുട്ടി പറഞ്ഞു, ഇത് തന്നെ ആണ് ബൈക്ക്. ഇവന്‍ ആ ബൈക്ക് തൊട്ടിട്ടു പോലും ഇല്ല. ‘ അമ്മ ശ്രീമതി പറഞ്ഞു. ഈ ദിവസങ്ങളില്‍ അനുഭവിച്ച മനോവിഷമവും അപമാനവും അത്രയേറെ ആണ്. മാനനഷ്ടത്തിന് പകരമായി നഷ്ടപരിഹാരം തേടും. നിയമപരമായി മുന്നോട്ട് പോകും.

‘ ഇത്ര പ്രായമെ അവന് ആയിട്ടുള്ളൂ. ഇതില്‍ അവനെ കുടുക്കിയതിന് മാനനഷ്ടത്തിന് അവര്‍ സമാധാനം പറയണം. അതിന് ഏത് അറ്റം വരെയും പോകും. ‘അമ്മാവന്‍ സുരേഷ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്സോ നിയമ പ്രകാരം ശ്രീനാഥ് റിമാന്‍ഡിലായത്. പിന്നീട് അബോര്‍ഷന്‍ ചെയ്ത പെണ്‍കുട്ടിയുടെ ഭ്രൂണത്തില്‍ നിന്നും ആണ് ഡി എന്‍ എ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചത്. അതിന്റെ ഫലം ആണ് ശ്രീനാഥിന് തുണയായത്.പോക്സോ വകുപ്പുകള്‍ക്ക് ഒപ്പം ഐ പി സി 346,376,342 വകുപ്പുകളും പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡിഎന്‍എ ഫലം നെഗറ്റീവ് അതുകൊണ്ടുതന്നെ കേസിലെ തുടര്‍നടപടികള്‍ എങ്ങനെയാകും എന്നതു കണ്ടറിയണം.