അധികാരം നിര്‍ബന്ധം, അല്ലെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാര്‍, നിങ്ങള്‍ പൊളിയാണ്’ ; എ വി ഗോപിനാഥിനെ ട്രോളി ഫിറോസ് കുന്നംപറമ്പില്‍

കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു സാമൂഹിക സേവകന്‍ ഫിറോസ് കുന്നംപറമ്പില്‍. കോണ്‍ഗ്രസിലെങ്കില്‍ അധികാരം നിര്‍ബന്ധം, അല്ലെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാറെന്ന് ഫിറോസ് കുന്നംപറമ്പില്‍ വിമര്‍ശിച്ചു. ‘കോണ്‍ഗ്രസില്‍ ആണെങ്കില്‍ അധികാരം നിര്‍ബന്ധം. മറ്റു പാര്‍ട്ടിയിലേക്കാണെങ്കില്‍ ചെരുപ്പ് നക്കാനും തയ്യാര്‍. നിങ്ങള്‍ പൊളിയാണ് ഗോപിയെട്ടാ. 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിങ്ങള്‍ എംഎല്‍എ ആയി. ഡിസിസി പ്രസിഡന്റ് ആയി. എത്രയോ തവണ പഞ്ചായത്ത് പ്രസിഡന്റ് ആയി. കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയിലൂടെ കിട്ടി. വരുംതലമുറക്ക് വഴിമാറുകയും മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു മാറുകയുമാണ് വേണ്ടത്. ഇനി ചെരുപ്പ് നക്കാനാണ് യോഗമെങ്കില്‍ അതും നടക്കട്ടെ..’- എന്നാണ് ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം.

ചങ്കുറപ്പുള്ള നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ അഭിമാനമാണെന്നുമാണ് ഗോപിനാഥ് പറഞ്ഞത്. ‘പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം? കേരളത്തിലെ ലക്ഷോപലക്ഷം ആളുകള്‍ അനുകൂലിച്ച് വീണ്ടും അധികാരത്തിലെത്തിച്ച ആളാണ് പിണറായി. പിണറായിയുടെ എച്ചില്‍ നക്കേണ്ടി വരുമെന്ന അനില്‍ അക്കരയുടെ അഭിപ്രായത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. കേരളത്തിലെ സമുന്നതനായൊരു രാഷ്ട്രീയ നേതാവ്, ചങ്കുറപ്പുള്ള തന്റേടമുള്ള കേരളത്തിലെ മുഖ്യമന്ത്രിയുടെ ചെരുപ്പ് നക്കാന്‍ കോണ്‍ഗ്രസുകാരനായൊരു ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാല്‍ അതിലേറ്റവും അഭിമാനിക്കുന്നു’. കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നുവെന്ന് പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത്.

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മുന്‍ ആലത്തൂര്‍ എംഎല്‍എ കൂടിയായ ഗോപിനാഥ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചത്. പക്ഷേ മനസ്സിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.