പതിനെട്ടുകാരനെ പോക്‌സോ കേസില്‍ കുടുക്കിയ സംഭവം ; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

പതിനെട്ടുകാരനെ പോക്‌സോ കേസില്‍ കുടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് 18കാരനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഗര്‍ഭത്തിനുത്തരവാദിയല്ലെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ 18കാരന്‍ ഇനിയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല.

ഒരുവേള പെണ്‍കുട്ടി ഗര്‍ഭിണിയല്ലായിരുന്നെങ്കില്‍ യുവാവിന്റെ വിധി മറ്റൊന്നാകുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയല്ലായിരുന്നെങ്കില്‍ ആ യുവാവ് ഇപ്പോഴും അകത്തു കടക്കേണ്ടി വന്നേനെ എന്നാണ് ഹൈക്കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍ പറയുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിബോധം വെച്ച് നോക്കുമ്പോള്‍ അത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. കേരളത്തില്‍ വ്യാപകമായി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചത്. പല കേസുകളിലും പോലീസിന്റെ എടുത്തു ചാട്ടം ആണ് നിരപരാധികള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുന്നത്.