താലിബാനുമായി ഇന്ത്യയുടെ ചര്‍ച്ച
താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ദോഹയില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്താലാണ് താലിബാന്‍ വക്താവ് ഷേര്‍ മുഹമ്മദ് അബ്ബാസുമായി ചര്‍ച്ച നടത്തിയത്. അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചു വരവും സുരക്ഷയും ചര്‍ച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം താലിബാന്‍ പ്രതിനിധികള്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിനു ശേഷമാണ് താലിബാനുമായി ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചത്.
അഫ്ഗാനിസ്താനില്‍ കുടുങ്ങിക്കിടക്കുന്ന ഇരുപത് ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്നും ഇന്ത്യയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ച 140 ഓളം സിഖ് – ഹിന്ദു വംശജരെ അതിന് അനുവദിക്കണമെന്നും ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു. പാകിസ്താനുമായി ചേര്‍ന്ന് നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇന്ത്യ ഒരിക്കലും പൊറുപ്പിക്കില്ലെന്നും ഇന്ത്യ താലിബാനെ അറിയിച്ചു.