റോഡ് റോളറിലും അഴിമതി ; അഞ്ചു കൊല്ലം കൊണ്ട് വിഴുങ്ങിയത് 19 കോടി രൂപ

1988 പുറത്തിറങ്ങിയ സിനിമയായ വെള്ളാനകളുടെ നാട്ടില്‍ നായകന് ഏറ്റവും ശല്യമായി മാറുന്ന ഒന്നാണ് റോഡ് റോളര്‍. അതുകാരണം നായകന്‍ പിടിക്കുന്ന പുകില് സിനിമ കണ്ടവര്‍ക്ക് എല്ലാം ഓര്‍മ്മ കാണും. എന്നാല്‍ സിനിമയിലേക്കാള്‍ വലിയ പുലിവാല് ആണ് സാധരണക്കാര്‍ നല്‍കുന്ന നികുതി കൊണ്ട് ഈ റോഡ് റോളറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ മുക്കുന്നത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, പൊതുമരാമത്ത് വകുപ്പ് 2014-15 മുതല്‍ 2018-19 വരെ അഞ്ച് വര്‍ഷത്തേക്ക് റോഡ് റോളര്‍ ജീവനക്കാരുടെ ശമ്പളത്തിനായി ‘അനാവശ്യമായി’ ചെലവാക്കിയത് 18.34 കോടി രൂപ. സംസ്ഥാനത്തെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡിവിഷനുകളിലായി 86 റോഡ് റോളറുകളാണ് നിലവിലുള്ളത്. ഇതില്‍ 13 റോഡ് റോളറുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ. അതിലും വിചിത്രമായ കാര്യം അവ ഒരു വര്‍ഷത്തില്‍ ഇവയുടെ ഉപയോഗം ശരാശരി ആറ് ദിവസം മാത്രം എന്നതാണ്.

സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് പൊതുമരാമത്ത് വകുപ്പിലെ റോഡ് റോളര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ ഇങ്ങനെ. 2019 ഒക്ടോബര്‍ വരെ, വകുപ്പിന് കീഴില്‍ 26 റോളര്‍ ഡ്രൈവര്‍മാരും 57 റോളര്‍ ക്ലീനര്‍മാരും ഉണ്ടായിരുന്നു. അവര്‍ ‘ പോസ്റ്റുകളില്‍ നിഷ്‌ക്രിയരായിരിക്കുകയാണ്’. 2003 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 140 റോളര്‍ ഡ്രൈവര്‍മാരുടെ തസ്തികകളും 110 റോളര്‍ ക്ലീനര്‍മാരുടെ തസ്തികകളും അധികമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് 80 ഡ്രൈവര്‍മാരുടെ തസ്തികകളും 60 ക്ലീനര്‍മാരുടെ തസ്തികകളും വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പണിയൊന്നുമില്ലാതെ ഈ സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നവരുണ്ട്. ഐടിഐ (ഡീസല്‍ മെക്കാനിക്) അടിസ്ഥാന യോഗ്യതയുള്ള നിഷ്‌ക്രിയ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനുള്ള സാധ്യത തേടാത്തതെന്തു കൊണ്ടെന്ന് സിഎജി സര്‍ക്കാരിനോട് ചോദിക്കുന്നു.

86 റോഡ് റോളറുകളില്‍ 73 എണ്ണം എട്ട് മാസം മുതല്‍ 27 വര്‍ഷം വരെയായി പ്രവര്‍ത്തിക്കാത്തവയാണ്. ഇതില്‍ 47 റോളറുകള്‍ അറ്റകുറ്റപ്പണി നടത്തിയാലും ശരിയാകാത്ത സ്ഥിതിയിലാണ്. എന്നിട്ടും വകുപ്പ് അവ നിലനിര്‍ത്തി. ഒന്‍പത് എണ്ണം 13.21 ലക്ഷം രൂപയ്ക്ക് വിറ്റു. ‘ഇവ കേടായ ശേഷം യഥാസമയം നീക്കംചെയ്യാതിരുന്നാല്‍ ലേലത്തില്‍ വയ്ക്കുമ്പോള്‍ അവയുടെ മൂല്യം കുറയുമെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയിലേറെയും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമായാണ് പോകുന്നത്. 2018-19-ല്‍ കേരളം മൊത്തം വരുമാനത്തിന്റെ 55.69% ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിച്ചപ്പോള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക 28.43% മാത്രമാണ് ചെലവഴിച്ചത്. 2021-22 കേരള ബജറ്റ് അനുസരിച്ച്, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും പെന്‍ഷനുമുള്ള ചെലവ് 62,951.73 കോടി രൂപയാണ്. ശമ്പളത്തിന് 39,845.75 കോടി രൂപയും പെന്‍ഷന് 23,105.98 കോടി രൂപയുമാണ് ഒരു വര്‍ഷം ചെലവാകുന്നത്. സംസ്ഥാനത്തെ ഒരുമാതിരി റോഡുകള്‍ എല്ലാം കുണ്ടും കുഴിയുമായി യാത്രക്കാരുടെ നടു ഓടിക്കുന്ന സമയത്താണ് റോഡ് പണിക്കുള്ള ഉപകരണം ഇത്രയും കാശ് മുക്കുന്നത് എന്നത് അതിലും വലിയ തമാശ.