ടോക്കിയോ പാരലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ

ടോക്കിയോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടിയപ്പോള്‍ ശരദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗില്‍ സിംഗ്‌രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു.

സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹൈജംപ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു. അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു സ്വര്‍ണപ്പോര് നടന്നത്. 1.83 മീറ്റര്‍ ദൂരം അനായാസം മറികടന്ന ഇരുവര്‍ക്കും ആദ്യ രണ്ട് അവസരങ്ങളില്‍ 1.86 മീറ്റര്‍ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തില്‍ മാരിയപ്പന്‍ ഈ ദൂരം മറികടന്നപ്പോള്‍ ശരത് കുമാര്‍ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തില്‍ 1.86 മീറ്റര്‍ മറികടന്നു. ഇതോടെ സ്വര്‍ണപ്പോര് മാരിയപ്പനും സാമും തമ്മിലായി.

നേരത്തെ, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ സിംഘ്രാജ് അധാന വെങ്കലം നേടിയിരുന്നു. 216.8 ആണ് സ്‌കോര്‍. ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നര്‍വാള്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടില്‍ സിംഘ്രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.