മയക്കുമരുന്ന് കേസില്‍ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് എന്‍.സി.ബി നോട്ടീസ്
സിനിമ ലോകത്തിനെ വീണ്ടും വിവാദങ്ങളില്‍ കുടുക്കി മയക്കു മരുന്ന്. സിനിമാ പ്രവര്‍ത്തകരുടെ മയക്കു മരുന്ന് ഉപയോഗം പരസ്യമായ ഒരു രഹസ്യമാണ് ഇക്കാലത്തു. മലയാള സിനിമയിലും കൊച്ചി കേന്ദ്രീകരിച്ചു ധാരാളം സംഭവങ്ങള്‍ ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. അതുപോലെ കന്നഡ ഫിലിം മേഖലയും മയക്കു മരുന്ന് കേസില്‍ ആടി ഉലയുകയാണ്. ഇപ്പോള്‍ ഇതാ തെലുങ്ക് സിനിമയിലും മയക്കു മരുന്ന് വിവാദം കത്തുകയാണ്.
ടോളിവുഡ്‌ലെ പ്രമുഖ താരങ്ങളായ റാണാ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) നോട്ടീസ് അയച്ചു.
സെപ്തംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണ് എന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേ കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൂവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡിയും ആവശ്യപ്പെട്ടു.
സംവിധായകന്‍ പുരി ജഗന്നാഥിനെ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാളുകള്‍ക്ക് മുന്‍പ് ബോളിവുഡിനെ പിടിച്ചു കുലുക്കി മയക്കു മരുന്ന് കേസുകള്‍ മാധ്യമങ്ങളില്‍ മുന്‍ പേജുകളില്‍ വാര്‍ത്ത ആയിരുന്നു.