സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ; അഞ്ച് വിഭാഗങ്ങളില്‍ അവാര്‍ഡ് ഇല്ല ; കയ്യടിച്ചു സോഷ്യല്‍ മീഡിയ

2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചില അവാര്‍ഡുകള്‍ നല്കാന്‍ ജൂറി തയ്യറാകാത്തത് ആണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ ഒഴിവാക്കല്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച സീരിയലിനുള്ള അവാര്‍ഡ് ആണ് അങ്ങനെ ഒരെണ്ണം ഇല്ലാത്തത് കൊണ്ട് ജൂറി നല്‍കാത്തത്. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു.

അതേസമയം മികച്ച ഗ്രന്ഥത്തിനും അവാര്‍ഡ് ലഭിച്ചില്ല. ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തില്‍ ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് റഗുലേഷനിലെ ചട്ടം എട്ട് പ്രകാരം രണ്ടില്‍ കൂടുതല്‍ അപേക്ഷകളില്ലാത്ത വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നതല്ല. ഈ നിബന്ധന അനുസരിച്ച് പുരസ്‌കാരത്തിന് പുസ്തകം പരിഗണിക്കുന്നതിലുള്ള പരിമിതി ജൂറി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം പുസ്തകത്തിന് അവാര്‍ഡ് നല്‍കേണ്ടതില്ല എന്ന് ജൂറി ഏകകണ്ഠമായി തീരുമാനിച്ചു.കൂടാതെ മികച്ച ടെലിഫിലിമിനും (20 മിനിട്ടില്‍ കൂടിയത്) ഈ വിഭാഗത്തില്‍ സമര്‍പ്പിക്കപ്പെട്ട എന്‍ട്രികളില്‍ മികച്ച സൃഷ്ടികള്‍ ഇല്ലാതിരുന്നതിനാല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.