കൊല്ലം പരവൂരില്‍ സദാചാര ഗുണ്ടാ ആക്രമണം ; പ്രതി പിടിയില്‍

കൊല്ലം പരവൂരിലെ അമ്മക്കും മകനും നേരെ ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പരവൂര്‍ സ്വദേശി ആശിഷ് ആണ് പിടിയിലായത്. തെന്‍മലയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ചയാണ് എഴുകോണ്‍ സ്വദേശി ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെ ആശിഷ് ആക്രമണം നടത്തിയത്. തെന്മല വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതി പിടിയിലായത്. ഒളിവില്‍ ആയിരുന്നു പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്ന വഴി ആയിരുന്നു എഴുകൊണ് സ്വദേശി ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെ ആക്രമണം നടന്നത്.

കൊല്ലം തിരുവനന്തപുരം തീരദേശ പാതയില്‍ പരവൂര്‍ തെക്കും ഭാഗത്ത് കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഒരുവരും. ഈ സമയം പ്രതി ആശിഷ് ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ചു മര്‍ദിച്ചു. മര്‍ദനമേറ്റ ഷംലയും മകന്‍ സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മര്‍ദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചു. തുടര്‍ന്ന് മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.