പാരിസില്‍ ‘സമ ഫ്രാന്‍സ്’ തിരുവോണാഘോഷം ശ്രദ്ധേയമായി
പാരിസ്: കോവിഡ് അലകളൊതുങ്ങി തിരിച്ചുവരവിനായി തയ്യാറെടുക്കുന്ന ഫ്രാന്‍സില്‍, ‘സമ’ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം ഏറെ ശ്രദ്ധേയമായി. തിരുവോണദിവസമായ ഓഗസ്റ്റ് 21നു വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം ഒരുക്കിയ കലാസാംസ്‌കാരിക പരിപാടികള്‍ ദേശീയ ഗാനത്തോടു കൂടിയാണ് ആരംഭിച്ചത്.
ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ജാവെദ് അഷ്റഫ് നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തശേഷം ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഡോ. കെ.എം പ്രഫുല്ലചന്ദ്ര ശര്‍മ്മ, ശ്രീല ദത്ത കുമാര്‍, നമന്‍ ഉപാദ്ധ്യായ, സൗമ്യ സി. തുടങ്ങിയവര്‍ പങ്കെടുത്തു. സമ ഫ്രാന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് ജിത്തു ജനാര്‍ദ്ദനന്‍ അധ്യക്ഷനായിരുന്നു.
സമയുടെ സന്തത സഹചാരിയായ ഹെന്റി വിദാല്‍ ഇത്തവണയും ഫ്രാന്‍സിലെ ഓണത്തിന് മാവേലിയായെത്തി. തിരുവാതിരയോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ ഒരുമിപ്പിച്ചുകൊണ്ടുള്ള നൃത്തശില്പം, കേരള കലാഗ്രാം, ടീം സമ, തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങള്‍, കെ.എല്‍ പാരീസ് മ്യൂസിക് ബാന്‍ഡിന്റെ ഫ്യൂഷന്‍ റോക്ക് എല്ലാം ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികള്‍ അവതരിപ്പിച്ച പാട്ടും നൃത്തവും എല്ലാം സദസ്സിന്റെ മനം കവര്‍ന്നു. ഇടവേളകളില്‍ എല്ലാവര്‍ക്കുമായി നാടന്‍ കളികളും ക്വിസ് മത്സരങ്ങളും നടത്തിയത് സദസ്സിനെ സജീവമാക്കി.
ഫ്രാന്‍സിലെ നിരവധി കലാസ്‌നേഹിതര്‍ അവതരിപ്പിച്ച ശാസ്ത്രീയ സംഗീത, നൃത്ത വിരുന്നുകള്‍ക്കൊപ്പം മാപ്പിളപ്പാട്ടുകളും നാടന്‍ പാട്ടുകളും ഒക്കെ ചേര്‍ന്നപ്പോള്‍ ഓണാഘോഷം മലയാളികള്‍ക്ക് ഏറെ ഹൃദ്യമായി. പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ അവരുടെ സ്ഥലത്തുനിന്നും അയച്ചു വിഡിയോയും ആശംസകളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സ്ത്രീപുരുഷഭേദമെന്യേ ആവേശകരമായി നടത്തിയ വടംവലി മത്സരത്തോടുകൂടി പരിപാടികള്‍ക്ക് സമാപനമായി. ഓണാഘോഷങ്ങളുടെ ഭാഗമായി കെ.ടി.എ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 29ന് നടക്കും.
സമ ഫ്രാന്‍സ്’ സെക്രട്ടറി റോയ് ആന്റണി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സമയുടെ അതിരുചികരമായ ഓണസ്സദ്യയ്ക്ക് മേല്‍നോട്ടം നല്‍കിയ വൈസ് പ്രസിഡന്റ് ശിവന്‍ പിള്ളൈ, സ്വാമിനാഥന്‍, ലളിതാ പിള്ളൈ, വനജ ജനാര്‍ദ്ദനന്‍, ജോസഫ് എന്നിവരെ പ്രത്യേകം ആദരിച്ചു. ഓണത്തോടനുബന്ധിച്ചു നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരവിജയികളായ അനൂപ് വിന്‍സെന്റ്, സൂരജ് കൃഷ്ണ, ദീപക് വിജയകുമാര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സമ മലയാളം മിഷന്‍ അധ്യാപകര്‍ക്കും, പരിപാടികളില്‍ പങ്കെടുത്ത കലാപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കമ്മിറ്റിയില്‍ നിന്നും രാംകുമാര്‍, വികാസ് മാത്യു, രാജേഷ് കെ.എം, പ്രശാന്ത് മോഹനചന്ദ്രന്‍, ജിഷ നൗഷാദ്, സംഗീത് കുറുപ്പ്, ജോസഫ് ജോണ്‍, ദീപക് വിജയകുമാര്‍, ഷാജന്‍ കാലത്ത്, ഷാംജി എന്നിവര്‍ പ്രോഗ്രാമിന്റെ വിവിധ മേഖലകള്‍ ഏകോപിപ്പിച്ചു. കിരണ്‍ രാമകൃഷ്ണന്‍, ടിറ്റോ വര്‍ക്കി, എബ്രഹാം ജോണ്‍സന്‍, പ്രിവിന്‍, ഗോപരാജ് തുടങ്ങിയവര്‍, പാരീസിലെ മലയാളി കുടുംബങ്ങളുമെല്ലാം തന്നെ ആഘോഷം ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിഷ നൗഷാദ്, സംഗീത് കുറുപ്പ്, രാംകുമാര്‍, ശ്രീജ സരസ്വതി, ജിത്തു ജനാര്‍ദ്ദനന്‍ എന്നിവര്‍ അവതാരകരായെത്തി. പ്രധാന സ്‌പോണ്‍സറായ സി.എഫ്.സി ബോര്‍ഡോയ്‌ക്കൊപ്പം , ചിക് ഡി ഓര്‍, പ്രോഹാന്‍ഡ്സ് ടെക്‌നോളോജിസ് അറ്റൈര്‍ റൈന്‍, ക്രീയാക്ട് എന്നീ കമ്പനികളും ഓണാഘോഷത്തിനായി സമയ്ക്കൊപ്പം കൈകോര്‍ത്തു.
കോവിഡ് വേര്‍തിരിച്ച ഇടവേളയ്ക്കു ശേഷം വീണ്ടും ഒത്തൊരുമിക്കാനായതിന്റെ ആവേശത്തില്‍ ആയിരുന്നു ഫ്രാന്‍സിലെ മലയാളികളും, മലയാളത്തെ സ്‌നേഹിക്കുന്നവരും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിച്ചു കൊണ്ടു പ്രാവര്‍ത്തികമാക്കിയ ആഘോഷത്തിലൂടെ ‘സര്‍വ്വ മലയാളി ഫ്രാന്‍സ് ‘ എന്ന ‘സമ ഫ്രാന്‍സ് ‘ അക്ഷരാര്‍ത്ഥത്തില്‍ സമത്വത്തിന്റെയും പ്രതീക്ഷയുടെയും ജ്വാല വീണ്ടും തെളിയിച്ചു.