വാരിയംകുന്നന്‍ ; പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി
മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്നും നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിന്മാറുന്നത് എന്നാണ് ഇപ്പോള്‍ വരുന്ന വിശദീകരണം. 2020 ജൂണിലാണ് സിനിമ പ്രഖ്യാപിച്ചത്. ‘ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്ത് ‘മലയാള രാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു’ എന്നായിരുന്നു സിനിമാ പ്രഖ്യാപന വേളയില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്. മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താരത്തിന് എതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്‍മാറി. ആദ്യം നിര്‍മാതാക്കള്‍ ഈ സ്‌ക്രിപ്റ്റുമായി സമീപിച്ചത് സംവിധായകന്‍ അന്‍വര്‍ റഷീദിനെയാണ്. നടന്‍ വിക്രമിനെ നായകനാക്കിയാണ് അന്‍വര്‍ റഷീദ് ഈ സിനിമ എടുക്കാന്‍ ആലോചിച്ചിരുന്നത്. ഇതേ പ്രമേയത്തില്‍ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വെങ്ങരയും അലി അക്ബറും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അലി അക്ബറിന്റെ സിനിമയുടെ ട്രെയ്ലര്‍ ഇടയ്ക്ക് റിലീസ് ആയിരുന്നു.