കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം ; പൊലീസിന് എതിരെ മത്സ്യത്തൊഴിലാളികള്‍

ആലപ്പുഴയില്‍ കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം. വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേരാണ് മരിച്ചത്. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം മത്സബന്ധനത്തിന് തിരിച്ചത്. പതിനാറ് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. തറയില്‍ക്കടവ്, ആറാട്ടുപുഴ സ്വദേശികളാണിവര്‍. വള്ളം അപകടത്തില്‍പ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

അതിനിടെ അപകടത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പൊലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരാതി ഗൌരവമുള്ളതെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.