കേരള പോലീസിന്റെ ക്രൂരതകള്‍ തുടരുന്നു ; മൂന്നുവയസുകാരിയെ വാഹന പരിശോധനയ്ക്കിടെ കാറിനുള്ളില്‍ പൂട്ടിയിട്ടു

പൗരന്മാരോടുള്ള കേരള പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കാറിനുള്ളില്‍ പൂട്ടിയിട്ടതായി ആണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് താക്കോല്‍ നല്‍കാന്‍ തയ്യാറായില്ല എന്നും പരാതിയുണ്ട്. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കുന്നത്തുകാല്‍ മണിവള സ്വദേശി ഷിബു കുമാറിനും കുടുംബത്തിനുമാണ് പോലീസിന്റെ ഭാഗത്തു നിന്നും ദുരനുഭവം ഉണ്ടായത്. ഷിബു കുമാറും ഭാര്യ അഞ്ജന സുരേഷും മൂന്ന് വയസുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്കു വരികയായിരുന്നു. യാത്രാമധ്യേ അമിത വേഗം ആരോപിച്ച് പൊലീസ് തടഞ്ഞു നിര്‍ത്തി 1500 രൂപ പിഴ ചുമത്തി. കൈയില്‍ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം പൊലീസിനോട് ബോധ്യപ്പെടുത്തിയെങ്കിലും പൊലീസ് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം ഷിബു പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസുദ്യോഗസ്ഥന്‍ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി. ഇതു കണ്ട ഷിബുവിന്റെ ഭാര്യ കാറില്‍ കുട്ടിയെ തനിച്ചാക്കി ഷിബുവിന്റെ അടുത്തേക്ക് എത്തി. പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ഡോര്‍ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് പിന്നീട് കാര്‍ തുറന്നു നല്‍കിയത്. ആറുമാസം മുമ്പ് നടന്ന സംഭവത്തില്‍ അന്ന് പരാതി കൊടുത്തിരുന്നില്ല.