നെടുമങ്ങാട് കൊലപാതകം ; സൂര്യഗായത്രിയെ അരുണ്‍ പ്രണയിച്ചത് ലഹരിമരുന്ന് സംഘത്തിന് കൈമാറാനാണെന്ന് പൊലീസ്
നെടുമങ്ങാട് ഉഴപ്പാക്കോണത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തില്‍ വഴിത്തിരിവ്. പ്രണയനൈരാശ്യം മൂലമാണ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയതെന്ന പ്രതി അരുണിന്റെ വാദം പൂര്‍ണമായി ശരിയല്ലെന്ന് പൊലീസ് പറയുന്നു. കഞ്ചാവിനും മദ്യത്തിന് അടിമയായ അരുണ്‍ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാന്‍ ശ്രമിച്ചിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് അരുണ്‍ ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചത്. അരുണിന്റെയും സൂര്യഗായത്രിയുടെയും ബാങ്ക് അക്കൌണ്ട് പൊലീസ് വിശദമായി പരിശോധിച്ചതായാണ് കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍പ് ഷൂട്ടിങ് മേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച സൂര്യഗായത്രിയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ അരുണ്‍ കഞ്ചാവിനും മദ്യത്തിനും അടിമയായതോടെ സൂര്യഗായത്രി അരുണില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. ഇതോടെ ഭീഷണിയുമായി അരുണ്‍ സൂര്യഗായത്രിയെ പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ വേറൊരു യുവാവുമായി അടുപ്പത്തിലായി സൂര്യഗായത്രി കൊല്ലം സ്വദേശിയായ യുവാവുമൊത്ത് നാട് വിടുകയായിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുമായി അകന്ന സൂര്യഗായത്രി നാട്ടില്‍ മടങ്ങിയെത്തി. ഇതോടെ അരുണ്‍ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുത്തത്.
സൂര്യഗായത്രിയുടെ മാതാപിതാക്കളെ രഹസ്യമായി നിരീക്ഷിച്ച് അരുണ്‍ വീട് കണ്ടെത്തുകയായിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച ബൈക്കില്‍ അരുണ്‍ ഇവിടെയെത്തിയത് സൂര്യഗായത്രിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുക്കള വാതിലിലൂടെ അരുണ്‍ അകത്തുകടന്നതുകണ്ട വത്സല ബഹളംവച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ച് കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്പിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സൂര്യയെ അരുണ്‍ കുത്തി വീഴ്ത്തുകയായിരുന്നു. തുടരെ മുപ്പതിലേറെ തവണ ഇയാള്‍ സൂര്യയെ കുത്തി. അതിനു ശേഷം ഇയാള്‍ സ്വയം കൈയ്ക്ക് കുത്തുകയായിരുന്നു. വത്സലയും മകളും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണിതെന്ന് പോലീസ് പറയുന്നു.
അതേസമയം സൂര്യ ഗായത്രിയുമായുള്ള പ്രണയം നാട്ടില്‍ അറിഞ്ഞത് കാരണം തന്റെ മറ്റു വിവാഹങ്ങള്‍ ഒന്നും നടക്കാതിരുന്നത് അരുണിനെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച് കാണുമ്പോള്‍ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു എന്നും, ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുണ്‍ പോലീസിനു നല്‍കിയ മൊഴി. കഴിഞ്ഞ ആഴ്ചയാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും 31 നു രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.