പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം ; പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
പതിനേഴുകാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിലായി. വയനാട് സ്വദേശി ജോബിന്‍ ജോണ്‍ ആണ് പിടിയിലായത്. ജോബിന്‍ ജോണിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി കൊച്ചിയിലെ വീട്ടിലെത്തി പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വയനാട്ടിലെത്തിയാണ് കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ചികിത്സയിലിരുന്ന 17കാരി ക്ലോസറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ശുചി മുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരമറിയച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച പൊലീസ് പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയായ ബന്ധുവിനെ കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എപ്പോഴാണ് സംഭവം നടന്നത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി അമ്മയ്ക്കൊപ്പം സ്‌കാനിങ്ങിനായി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.