കേരളാ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് ; ആനി രാജയെ തള്ളി സി.പി.ഐ
കേരളാ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജയുടെ പരാമര്‍ശം തള്ളി സി.പി.ഐ നേതൃത്വം. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാവും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം.
പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ ഒരു നേതാവ് തന്നെ ഏറ്റെടുത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളാ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ആനി രാജ തുറന്നു പറഞ്ഞത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായിട്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നും ഇതിനു പിന്നില്‍ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് ആണ് എന്നുമാണ് അവര്‍ പറഞ്ഞത്.