പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്

പി എസ് പ്രശാന്ത് സിപിഐഎമില്‍ ചേര്‍ന്നു. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. മുന്‍ കെപിസിസി സെക്രട്ടറിയായിരുന്നു പി എസ് പ്രശാന്ത്. സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാര്‍ട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളത്തിനിടെയായിരുന്നു പ്രഖ്യാപനം. പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് അച്ചടക്ക നടപടിയായി ആയിരുന്നു പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

രാഷ്ട്രീയ പ്രവര്‍ത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിന്റെ പ്രവര്‍ത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും സാധിക്കാത്ത രീതിയിലാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. അതേസമയം പി.എസ്. പ്രശാന്തിനെതിരെ മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്ത് വന്നു. ”ആനമണ്ടത്തരം രാഷ്ട്രീയം ഉപജീവന മാര്‍ഗമെങ്കില്‍, ആനന്ദകരമെങ്കില്‍ പ്രശാന്തിന് പഠിക്കാം” എന്നാണ് അനില്‍ അക്കരയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യു.എഡി.എഫിന്റെ സീറ്റ് വിഭജനത്തെ പ്രകീര്‍ത്തിച്ച് പി.എസ്. പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും അനില്‍ അക്കര പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് ഇന്ന് വൈകുന്നേരമാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.