എടാ, എടി വിളി വേണ്ട ; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അതിരു വിടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കോടതി. പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതിന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പൊലീസ് പഴികേള്‍ക്കുന്നതിനെടെയാണ് ഹൈക്കോടതിയും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.

പൊലീസ് പീഡനമാരോപിച്ച് ചേര്‍പ്പ് സ്വദേശിയായ കടയുടമ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കാന്‍ പൊലീസ് പഠിക്കണം. എടാ, എടി എന്നൊന്നും ആരെയും വിളിക്കാന്‍ പൊലീസിന് അവകാശമില്ല. മാന്യമായ പെരുമാറ്റമുണ്ടാകണം. പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥ നേതൃത്വത്തിന് ബാധ്യതയുണ്ട്. കൂടാതെ നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.