മലയാളി വിദേശി അടിക്കുമ്പോള്‍ ; വിദേശത്തു ഹിറ്റായി നമ്മുടെ നാടന്‍ വാറ്റ് ; പേര് മന്ദാകിനി
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന ഒന്നാണ് നാടന്‍ വാറ്റ്. ഇപ്പോഴും ആരുമറിയാതെ വാറ്റുകള്‍ നടക്കുന്നുണ്ട് എങ്കിലും പിടികൂടിയാല്‍ അഴി ഉറപ്പാണ്. വാറ്റ് കുടിയ്ക്കണം എന്ന് ആഗ്രഹം ഉള്ളവരെ പോലും വിദേശി കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണകൂടമാണ് ഇപ്പോള്‍ കേരളത്തില്‍. ചാരായ നിരോധനം നടപ്പിലായതോടെ കേരളം കാരണം കോടികള്‍ സമ്പാദിക്കുകയാണ് വിദേശ മദ്യ കമ്പനികള്‍. സര്‍ക്കാരിനും ഏറെ വരുമാനമാണ് ഈ ഇനത്തില്‍ ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ വാറ്റിനോട് ഉള്ള വിരോധം നമ്മുടെ സര്‍ക്കാരിന് മാത്രമാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെയാണ് മലയാളി ക്യൂവില്‍ നിന്ന് വിദേശി വാങ്ങി അടിക്കുമ്പോള്‍ സായിപ്പന്മാര്‍ക്ക് നമ്മുടെ വാറ്റ് പ്രിയങ്കരി ആകുന്നത്. മന്ദാകിനി-മലബാര്‍ വാറ്റ് ആണ് കാനഡയില്‍ ഇപ്പോള്‍ താരം. കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില.
കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ആശയത്തിന് പിന്നില്‍. നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന നാടന്‍ വാറ്റിന്റെ കൂട്ടുകള്‍ ഗുണമേന്മ ഉറപ്പാക്കി വാറ്റിയാണ് ഇവര്‍ വിപണനം ചെയ്യുന്നത്. ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ക്യൂബ, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ നേട്ടം കൊയ്യുന്നതുകണ്ടാണ് ഇവരും രംഗത്തെത്തിയത്.
ഇവരുടെ റെസിപ്പി അനുസരിച്ച് ഡിസ്റ്റലറിയാണ് മദ്യം നിര്‍മ്മിച്ചു നല്‍കുന്നത്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്. കാനഡക്ക് പുറമെ യുഎസിലും യുകെയിലും മന്ദാകിനിക്ക് ഇപ്പോള്‍ ആരാധാകരുണ്ട്. കേരളത്തില്‍ എക്സൈസിന്റെ കണ്ണുവെട്ടിച്ച് അനധികൃതമായി വാറ്റുന്ന നാടന്‍ മദ്യം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നിര്‍ദേശം ഏറെ നാളായി ഉയരുകയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത് വിദേശ മദ്യ കമ്പനികളെ സഹായിക്കാന്‍ ആണെന്ന ആരോപണം ശക്തമാണ്.