ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണോ? വര്‍ഗ്ഗീയത വിളമ്പി ഹയര്‍ സെക്കണ്ടറി ചോദ്യപേപ്പര്‍

യു പിയിലെയോ ഗുജറാത്തിലെയോ സ്‌കൂളുകളിലെ പരീക്ഷയ്ക്ക് ചോദ്യ പേപ്പറില്‍ വന്ന ചോദ്യമല്ല ഇത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് കുട്ടികള്‍ക്ക് ഇടയില്‍ വര്‍ഗ്ഗീയത വിളമ്പുന്ന ചോദ്യമുള്ള ചോദ്യപേപ്പര്‍ പുറത്തു വന്നിരിക്കുന്നത്. ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ’ എന്നാണ് ചോദ്യം. രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. സാക്ഷരത മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്.

മെയ് മാസത്തില്‍ നടക്കേണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം. സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തു നിന്ന് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗീയ ചിന്താഗതി ഉയര്‍ത്തുന്നതാണ് ഈ ചോദ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹരിഗോവിന്ദന്‍ പറഞ്ഞു. കുട്ടികളുടെ മനസില്‍ വര്‍ഗീയ വിത്തിടുന്ന ഇത്തരം ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തമായ സംഘപരിവാര്‍ അജണ്ടയിലാണ് കേരളത്തിലെ സഹിതം പല വകുപ്പുകളും പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണ് ഇത് എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.