ബോക്‌സിങ് റിങ്ങില്‍ ഇടിയേറ്റു വീണ വനിതാ താരത്തിന് ദാരുണാന്ത്യം
ബോക്‌സിംഗ് റിങ്ങില്‍ തലയ്ക്ക് അടിയേറ്റു വീണ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. പ്രൊഫഷണല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ റിങ്ങില്‍ അടിയേറ്റു വീണ കനേഡിയന്‍ ബോക്‌സര്‍ ജാനറ്റ് സക്കരിയാസ് സപാറ്റയാണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് 18കാരിയായ ജാനറ്റ് അടിയേറ്റു വീണത്. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. നാലാം റൗണ്ടില്‍ കാനഡയുടെ മേരി പിയര്‍ ഹുലെയുടെ കനത്ത പഞ്ചുകളേറ്റു സാപ്പറ്റ നിലം പതിച്ചു. മത്സരം തുടരാനാവില്ലെന്നു കണ്ടതോടെ കനേഡിയന്‍ താരം നോക്കൗട്ട് ജയവും നേടി. എന്നാല്‍ സാപ്പറ്റ എഴുന്നേല്‍ക്കാനാകാതെ റിങ്ങില്‍ കിടന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതം മൂലം സാപ്പറ്റ കോമയിലായെന്നാണു സംഘാടകര്‍ ആദ്യം അറിയിച്ചത്.
ഇന്നലെയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധകൃതര്‍ വ്യക്തമാക്കി. അതിനിടെ താരത്തിന്റെ മരണത്തിന് പിന്നാലെ ബോക്‌സിങ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നു. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകുന്നവയാണെന്നും തലച്ചോറിലെ ക്ഷതങ്ങളെപ്പറ്റി പഠിക്കുന്ന ബ്രിട്ടീഷ് ഏജന്‍സിയായ ഹെഡ്വേയുടെ തലവന്‍ പീറ്റര്‍ മക്കബേ പറഞ്ഞു. മത്സരത്തിന്റെ നാലാം റൗണ്ടിലാണ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുടെ ഇടിയേറ്റ് സപാറ്റ നിലത്തുവീണത്. ഇതോടെ പിയര്‍ നോക്കൗട്ട് ജയം നേടി.