വലയില്‍ കുടുങ്ങി അത്യപൂര്‍വ്വ നീല കൊഞ്ച് ; ഒന്നിന്റെ വില ഇരുപത് ലക്ഷം

സ്‌കോട്ട്‌ലന്‍ഡ് തീരത്ത് വലയെറിഞ്ഞ റിക്കി ഗ്രീന്‍ഹോ എന്ന മത്സ്യത്തൊഴിലാളിക്ക് ആണ് തന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ കോള് വലയില്‍ കുടുങ്ങിയത്. 20 ലക്ഷം രൂപ വിലവരുന്ന ഭീമന്‍ നീല കൊഞ്ചാണ് റിക്കി ഗ്രീന്‍ഹോയുടെ വലയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ പതിവ് പോലെ മീന്‍ പിടിക്കാന്‍ പോയ സമയത്തു തന്റെ മത്സ്യബന്ധന ബോട്ടായ സ്‌കുവയിലേക്ക് അവനെ വലിച്ച് കേറ്റുമ്പോള്‍ അത് സാധാരണപോലൊരു കോളാണെന്നാണ് റിക്കി കരുതിയിരുന്നത്. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ റിക്കി ഞെട്ടി. അത്യപൂര്‍വ്വമായ നീല കൊഞ്ചായിരുന്നു അത്. മുപ്പത് വര്‍ഷമായി റിക്കി മത്സ്യബന്ധനം നടത്തുന്നു. എന്നാല്‍ ഇതുപോലൊരെണ്ണം തന്റെ വലിയില്‍ കുടുങ്ങുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറയുന്നു.

സംഭവം ഇങ്ങനെയൊക്കെയാണ് എങ്കിലും താന്‍ സ്ഥിരമായി മീന്‍ വില്‍ക്കുന്ന അക്വേറിയക്കാര്‍ക്ക് ഇതിനെ ആവശ്യമില്ലെങ്കില്‍ തിരികെ കടല്‍ കൊണ്ടുപോയി വിടാനാണ് ആലോചനയെന്നും അദ്ദേഹം പറയുന്നു.‘ മക്ഡഫ് അക്വേറിയത്തോട് ലോബ്സ്റ്റര്‍ വേണോ എന്ന് ചോദിക്കും. വേണ്ടെന്നാണ് അവരുടെ ഉത്തരമെങ്കില്‍ ഞാന്‍ അവനെ തിരികെ കൊണ്ടുവരും.’ അതിനു വ്യക്തമായ കാരണവും റിക്കി പറയുന്നുണ്ട്. തന്റെ പുതിയ ഇരയ്ക്ക് പറ്റിയ ഒരു കൂടൊരുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അതിനെ കടലില്‍ തന്നെ വിടുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം നീല കൊഞ്ചുകള്‍ അത്യപൂര്‍വ്വ ജീവികളാണ്. അതിനെ വളരെ ചെറിയ ഒരു അക്വേറിയത്തിലിട്ട് വളര്‍ത്തുന്നത് മോശമാണ്. അതിനേക്കാള്‍ നല്ലത് അവനെ തിരികെ കടലില്‍ തന്നെ നിക്ഷേപിക്കുന്നതാണെന്നാണ് റിക്കിയുടെ പക്ഷം. റിക്കിക്ക് ലഭിച്ച കൊഞ്ചിന് 3 പൌണ്ട് ആണ് ഭാരം. അതായത് ഒരു കിലോയും മുന്നൂറ് ഗ്രാമുമാണ് അതിന്റെ ഭാരം.

‘ഇത് പണത്തെക്കുറിച്ചുള്ള പ്രശ്‌നം മാത്രമല്ല. അതിന് അതിന്റെ ജീവിതം തുടരണം,’ റിക്കി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ ലോബ്സ്റ്ററുകള്‍ വളരെ ഇരുണ്ട അല്ലെങ്കില്‍ മങ്ങിയ നീല നിറമായിരിക്കും, ചിലത് ഏതാണ്ട് കറുത്തതായിട്ടാണ് കാണപ്പെടുന്നത്. നീല ലോബ്സ്റ്ററുകള്‍ക്ക് അവയുടെ നിറം ലഭിക്കുന്നത് ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനില്‍ നിന്നാണ് എന്ന് വിശ്വസിക്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ അറ്റ്‌ലാന്റിക് തീരത്ത് പിടിക്കപ്പെടുന്ന ലോബ്സ്റ്ററുകള്‍ ഇരുണ്ടതും പച്ചകലര്‍ന്ന തവിട്ടുനിറമുള്ളതുമാണ്. ചിലപ്പോഴൊക്കെ അമേരിക്കന്‍ ലോബ്സ്റ്ററുകള്‍ക്ക് പോലും തിളക്കമുള്ള നീലനിറം കാണപ്പെടും.