കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഷോപ്പുകള്‍ തുടങ്ങും
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഇനി ബെവ്‌കോ സ്റ്റാളുകളും.കെ.എസ്.ആര്‍.ടി.സി തന്നെയാണ് വിപ്ലവകരമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പുതിയ സംവിധാനത്തിന് നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നും മദ്യ ഉപയോഗം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഉണ്ടാവില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. വിവിധ ജില്ലകളിലായി പണി പൂര്‍ത്തിയാക്കി കിടക്കുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഒഴിവുള്ള മുറികള്‍ ആയിരിക്കും വാടകയ്ക്ക് നല്‍കുന്നത്. തിരുവനന്തപുരം,കോഴിക്കോട്, തിരുവല്ല അടക്കം നിരവധി ഡിപ്പോകളിലെ കോംപ്ലക്‌സുകള്‍ പലതും ഒഴിഞ്ഞ് കിടക്കുകയാണ്.
ഇത് വാടകക്ക് നല്‍കിയില്‍ നിലവില്‍ നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിക്ക് അതൊരു വരുമാനവും ആകും ഇതാണ് തീരുമാനത്തിന് പിന്നിലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ പറയുന്നു. അനുവദനീയമായ അളവില്‍ മദ്യം കൈവെച്ച് യാത്ര ചെയ്യാം എന്നതും മറ്റ് പ്രശ്‌നങ്ങളുണ്ടാക്കില്ല. എത്ര ഡിപ്പോകള്‍ എവിടെയൊക്കെ വേണം എന്നത് സംബന്ധിച്ച് തീരുമാനം ബെവ്‌കോ എടുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് ലാഭമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിലും ഇതിനോട് ജനങ്ങളുടെ പ്രതികരണം എങ്ങിനെയെന്നത് കണ്ടറിയണം.ബെവ് കോ ഒൌട്ട് ലെറ്റുകള്‍ തുടങ്ങിയാല്‍ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. ഒപ്പമുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. ഇവ എങ്ങിനെ പരിഹരിക്കാം എന്നാണ് അടുത്ത ചോദ്യം.
കെഎസ്ആര്‍ടിസി യില്‍ ബെവ്‌കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടന്‍ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചു. കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ ‘ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ’ എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവര്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാണ്. പ്രശ്നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും. കെഎസ്ആര്‍ടിസി. സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു.