കേരളത്തില്‍ വീണ്ടും നിപ ; കോഴിക്കോട് പന്ത്രണ്ടു വയസുകാരന്‍ മരിച്ചു
കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തിനെ ഭീതിയിലാഴ്ത്തി വീണ്ടും നിപ. കോഴിക്കോട് നിപ സംശയിച്ച പന്ത്രണ്ടു വയസുകാരന്‍ മരിച്ചു. നാല് ദിവസം മുന്‍പ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.45 നാണ് മരണം സംഭവിച്ചത്. മ്യതദേഹം മിംസ് ആശുപത്രിയില്‍. അന്തിമഫലം വന്നശേഷമായിരിക്കും സംസ്‌ക്കാരം.
അതേസമയം കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.