വാഹനങ്ങളുടെ ഹോണുകള്‍ക്ക് ഇനി തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദം
രാജ്യത്തെ നിരത്തുകളില്‍ ഇനി യാത്ര സംഗീതാത്മകം. വാഹനങ്ങളുടെ ഹോണുകള്‍ ഇനി മുതല്‍ തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദത്തില്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കുന്ന പുതിയ ചട്ടം തയ്യാറായി വരികയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ശബ്ദ മലിനീകരണം ഒരു മുഖ്യ പ്രശ്‌നമാണ്. അത് ജനങ്ങള്‍ക്ക് മാനസീകവും ശാരീരികവുമായ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇതിനൊരു പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
‘ഞാന്‍ നാഗ്പൂരിലെ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യും. പക്ഷേ വാഹനങ്ങളുടെ തുടര്‍ച്ചയായ ഹോണടി ശബ്ദം പ്രഭാതത്തിന്റെ നിശബ്ദതയെ ശല്യപ്പെടുത്തുന്നു. ഇതോടെ, വാഹനങ്ങളുടെ ഹോണുകള്‍ എങ്ങനെ ശരിയായ രീതിയില്‍ പരിഷ്‌കരിക്കാമെന്ന ചിന്ത മനസില്‍ വന്നു. കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്. തബല, താളവാദ്യം, വയലിന്‍, പുല്ലാങ്കുഴല്‍, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍ നിന്ന് കേള്‍ക്കണം എന്നാണ് ആഗ്രഹം..’ ഗഡ്കരി പറയുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ഹോണുകള്‍ കാതുകള്‍ക്ക് സംഗീതമായിരിക്കണം എന്ന് അവയുടെ ശബ്ദങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച നിതിന്‍ ഗഡ്കിരി വ്യക്തമാക്കി. ഹോണ്‍ ശബ്ദം മാറ്റാന്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളില്‍ ചിലത് ഓട്ടോ നിര്‍മ്മാതാക്കള്‍ക്ക് ബാധകമാണ്. അതിനാല്‍, വാഹനം നിര്‍മ്മിക്കുമ്പോള്‍, അതിന് ശരിയായ തരം ഹോണ്‍ ഉണ്ടായിരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കിയതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.