നോക്കുകൂലിയായി പത്ത് ലക്ഷം ; ഐ.എസ്.ആര്‍.ഒയുടെ വാഹനം തടഞ്ഞു നാട്ടുകാരും യൂണിയനും

ഐ.എസ്.ആര്‍.ഒയെ വരെ തടഞ്ഞു നമ്മുടെ കയറ്റിറക്കു തൊഴിലാളികള്‍. നോക്കു കൂലിയുടെ പേരില്‍ നാട്ടുകാരെ കൊള്ളയടിക്കുന്ന യൂണിയനുകളും നാട്ടുകാരും ചേര്‍ന്നാണ് പത്തു ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തുമ്പയില്‍ തടഞ്ഞത്. തുമ്പ വി എസ് എസ് സിയിലേക്ക് പ്രവേശിക്കുമ്പോഴാണ് വാഹനം നാട്ടുകാര്‍ തടഞ്ഞത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് വാഹനം കടത്തിവിട്ടത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്.

ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതര്‍ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തില്‍ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ലെന്നും പ്രോജക്ട് കണ്‍സള്‍ട്ടന്റ് രാജേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്, മൂന്നു പേരുടെ തൊഴില്‍ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവര്‍ വ്യക്തമാക്കി.

നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നുമാണ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് പറയുന്നത്. അതേസമയം പ്രതിഷേധക്കാരോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞതാണെന്ന് പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് രാജേശ്വരി പറഞ്ഞു. ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ല. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴില്‍ സേവനം മാത്രമാണ് ആവശ്യം.വാഹനം തടഞ്ഞതില്‍ നടപടി സ്വീകരിക്കാന്‍ ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.