പൂനെയില്‍ 13 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

ആഗസ്ത് 31ന് പൂനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാണാന്‍ എത്തിയ പെണ്‍കുട്ടിയാണ് ബലാല്‍സംഘത്തിന് ഇരയായത്. സുഹൃത്ത് എത്താത്തതിനെ തുടര്‍ന്ന് തിരിച്ചുപോകാനിറങ്ങിയ പെണ്‍കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ സമീപിക്കുകയും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ശേഷം ഡ്രൈവര്‍ തന്റെ ചില സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മുംബൈയിലേക്കുള്ള ഒരു ബസില്‍ കയറ്റി വിട്ടു.

പെണ്‍കുട്ടിയുടെ അചഛന്‍ വാന്‍വാഡി സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൂനെ ഡെപ്യൂട്ടി കമ്മീഷണര്‍ നമ്രതാ പാട്ടീല്‍ പറഞ്ഞു. പൂനെയില്‍ വെച്ച് കുട്ടിയെ കണ്ടെത്തി, മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റു ചിലര്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. പോക്സോ വകുപ്പടക്കം ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്.