കേരളാ പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ് ; നിലപാടില്‍ ഉറച്ച് ആനി രാജ
സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി തന്റെ നിലപാട് ആവര്‍ത്തിച്ച് സി പി ഐ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജ. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവിലാണ് ആനി രാജ നിലപാട് വിശദീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ് പരാമര്‍ശം ഉന്നയിച്ചതെന്ന് ആനി രാജ പറഞ്ഞു. പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആനി രാജ വ്യക്തമാക്കി.മുഖ്യമന്ത്രി പോലും പോലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാമെന്ന് പറഞ്ഞു. പാര്‍ട്ടി മാനദണ്ഡത്തില്‍ വീഴ്ച്ച വരുത്തിയില്ല; പ്രതികരിച്ചത് രാഷ്ട്രീയമല്ലാത്ത വിഷയത്തില്‍.
രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന വേണമെന്ന് ദേശീയ എക്സിക്യൂട്ടീവ് ആനി രാജയോട് നിര്‍ദേശിച്ചു. ആനി രാജയുടെ പരാമര്‍ശം സി.പി.ഐ കേരള നേതൃത്വം നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ് കേരള പൊലീസിലെ ആര്‍.എസ്.എസ് സാന്നിധ്യം. ഇടതുപക്ഷത്തെ സമുന്നത നേതാവ് തന്നെ ഇതാവര്‍ത്തിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ ആനി രാജക്കെതിരെ നടപടി വേണ്ട എന്നാണ് പാര്‍ട്ടി നിലപാട്.