ലൈസന്‍സില്ല , കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ കസ്റ്റഡിയില്‍

ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി. അന്വേഷണത്തില്‍ സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിയുടെ 18 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയില്‍ പലതിനും എഡിഎമ്മിന്റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍. തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പരിശോധിക്കും. നേരത്തെ തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ 5 തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ മാസം 13 നാണ് കരമന പൊലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായായിരുന്നു ആറുമാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.

എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് തോക്കുകള്‍ നല്‍കിയവരെക്കുറിച്ച് അന്വേഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കാശ്മീര്‍ പൊലീസിന്റെ സഹായവും കേരളാ പൊലീസ് തേടി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് എടിഎം കൗണ്ടറിലുള്‍പ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.