വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി ; 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാം

കോവിഡ് ഷീല്‍ഡ് വാക്സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കാമെന്ന് കോടതി ഉത്തരവിട്ടു. കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ല. വാക്സിന്‍ ഇടവേളയില്‍ ഇളവ് തേടി കിറ്റക്സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നേരത്തെ വാക്സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആദ്യ ഡോസ് വാക്സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്സ് നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്സിന്റെ ഹര്‍ജി. 2021 ജനുവരിയില്‍ വാക്‌സീനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. വാക്‌സീന്റെ ഗുണഫലം വര്‍ധിപ്പിക്കാനാണ് ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാര്‍ക്ക് പെട്ടെന്ന് വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ ജീവനക്കാര്‍ക്കുമായുള്ള വാക്‌സീന്‍ തങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നല്‍കുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്‌സീന്‍ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാല്‍ അടിയന്തരമായി രണ്ടാം ഡോസ് നല്‍കാന്‍ അനുമതി വേണം എന്നായിരുന്നു കിറ്റക്‌സിന്റെ ആവശ്യം.