ഇടുക്കിയില്‍ യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ പ്രതി പിടിയില്‍
ഇടുക്കി അടിമാലി പണിക്കന്‍കുടിയില്‍ യുവതിയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മുഖ്യ പ്രതി ബിനോയി പിടിയില്‍. പെരിഞ്ചാംകുട്ടിയിലെ തോട്ടത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇയാള്‍ ഒളിവിലായിരുന്നു. രണ്ടു സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്.
സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റര്‍ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷന്‍ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയില്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാര്‍ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് എന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാര്‍കുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പോലീസ് പരിശോധന നടത്തിവരികയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു. അയല്‍പ്പക്കത്ത് താമസിച്ചിരുന്ന സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തി സ്വന്തം വീട്ടിലെ അടുക്കളയില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ബിനോയി പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടമ്മയെ കാണാതായതിനു ശേഷം ബിനോയി ഒളിവിലായിരുന്നു.
ഇയാളെ കണ്ടെത്താന്‍ വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. എന്നാല്‍ സമര്‍ഥമായി പൊലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലേക്ക് കടന്നാതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് പൊലീസിനെ കബളിപ്പിക്കുന്നതിന്റെ ഭാഗമായിരിക്കാമെന്നാണ് അറിയുന്നത്.സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി മൂന്നാഴ്ച മുമ്പ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സിന്ധുവിന് ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയായിരുന്നു.