KSRTC യിലെ ആശ്രിത നിയമനം ; ആശ്രയമില്ലാത്ത കാത്തിരിപ്പിന് 4 വര്‍ഷം

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം : KSRTC യിലെ ആശ്രിത നിയമനം അട്ടിമറിച്ചതായി ആരോപണം. സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് അര്‍ഹതപ്പെട്ട തൊഴില്‍ ആണ് ഇപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. 2017 നു ശേഷം 4 വര്‍ഷത്തോളമായി ആശ്രിത നിയമനം നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്ന ആരോപണം. 3-5-2021 ല്‍ ലഭിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ 182 ഓളം വരുന്ന വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അവകാശപ്പെട്ട തൊഴില്‍ ആണ് സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കുന്നത്. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

‘ സര്‍വ്വീസിലിരിക്കെ മരണപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയമാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട ‘ആശ്രിത നിയമനം’. എന്നാല്‍ KSRTC യില്‍ 2017 നു ശേഷം 4 വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ആശ്രിതനിയമനം കാത്തിരിക്കുന്ന 3-5-2021 ല്‍ ലഭിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ 182 ഓളം വരുന്ന വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ പ്രതിനിധീകരിച്ച് അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ഇങ്ങനെയൊരു കൂടികാഴ്ച്ച സംഘടിപ്പിച്ചത്. 2021-2022 കാലയളവില്‍ മാത്രം ഏകദേശം 900 പേര് വിരമിക്കുന്നു.നിയമനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ബഹു.മുഖ്യമന്ത്രി, ഗാതാഗതവകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ് , ഭരണ-പ്രതിപക്ഷ MLA മാര്‍, KSRTC CMD , KSRTC അംഗീകൃത യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെല്ലാം നിവേദനം സമര്‍പ്പിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല.

യാതൊരുവിധ മാനദണ്ഡങ്ങളോ നിയമങ്ങളോ നോക്കാതെ എംഎല്‍എ യുടെ ആശ്രിതര്‍ക്ക് വരെ നിയമനം കൊടുത്ത ഈ ഗവണ്‍മെന്റ്, അര്‍ഹതയുണ്ടായിട്ടും ഞങ്ങള്‍ക്ക് നിയമനം നല്‍കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും യാതൊരുവിധ നീക്കങ്ങളും ഇതുവരെയും ഉണ്ടായിട്ടില്ല. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുന്നവര്‍, വീടുകള്‍ ജപ്തി ഭീഷണിയില്‍ ഉള്ളവര്‍, ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും കൂലിപ്പണിക്ക് പോകുന്നവര്‍ എന്നിങ്ങനെ നിരവധിപേരാണ് ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരില്‍ ഉള്‍പ്പെടുന്നത് 2013 ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിച്ച് മരണമടഞ്ഞവര്‍ NPS പെന്‍ഷന്‍ പരിധിയില്‍ വരുന്നവരാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നാമമാത്രമായ പെന്‍ഷന്‍ പോലും NPS വഴി ലഭിക്കുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഈ ജോലി കൂടി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേയുള്ളു ഞങ്ങളുടെ മുന്നിലുള്ള ഏക വഴി. KSRTC യില്‍ നിയമിക്കുന്നില്ലെങ്കില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം മറ്റു കോര്‍പ്പറേഷനുകളിലോ, ഗവ.നിയന്ത്രിത സ്ഥാപനങ്ങളിലോ നിയമനം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. മാറി വരുന്ന മാനേജ്‌മെന്റുകളുടെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ബലിയാടാകുന്ന ഒരുകൂട്ടം ഉദ്യോഗാര്‍ഥികളുടെ ദാരുണ അവസ്ഥക്ക് പരിഹാരം തേടുന്നതിനു മാധ്യമങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.