നിപ ; രോഗലക്ഷണമുളളവരുടെ എണ്ണം എട്ടായി
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക നീളുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള ഏഴ് പേരുടെ പരിശോധന ഫലം വൈകീട്ടോടെ ലഭിക്കും കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശീലനം ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നല്‍കും. ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേന്ദ്രസംഘം ചാത്തമംഗലത്തെ വീടും പരിസരവും സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ റംബൂട്ടാന്‍ മരത്തില്‍ നിന്ന് പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 27ന് കുട്ടി അയല്‍ വീടുകളിലെ കുട്ടികളുമൊത്തെ കളിച്ചതായി റൂട്ട് മാപ്പില്‍ പറയുന്നു. ഓഗസ്റ്റ് 28ന് വീട്ടില്‍ തന്നെ കഴിഞ്ഞ കുട്ടി, 29ന് രാവിലെ പനിയെ തുടര്‍ന്ന് 8.30നും 8.45നും ഇടയില്‍ ഇരഞ്ഞിമാവിലെ ഡോ. മൊഹമ്മദിന്റെ ക്ലിനിക്കില്‍ പോയിരുന്നു. ഓട്ടോയിലാണ് കുട്ടി ക്ലിനിക്കിലേക്ക് പോയതും മടങ്ങിയെത്തിയതും. കടുത്ത പനിയെ തുടര്‍ന്ന് 30ന് വീട്ടില്‍ തന്നെ ആയിരുന്നു. 31ന് രാവിലെ മുക്കത്തെ ഇ എം എസ് ആശുപത്രിയിലും തുടര്‍ന്ന് ഓമശേരിയിലെ ശാന്തി ആശുപത്രിയിലും പോയി. അമ്മാവന്റെ ഓട്ടോയിലാണ് കുട്ടി ഇവിടെയെത്തിയത്. അവിടെ നിന്ന് ഉച്ചയോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.