ഓവലില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യ

ലീഡ്സിലെ നാണംകെട്ട തോല്‍വിക്ക് ഇന്ത്യ ഓവലില്‍ കണക്കു തീര്‍ത്തു ഇന്ത്യ. അതും അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കൊണ്ട്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. 1971ല്‍ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലില്‍ ഒരു ജയം എന്ന സ്വപ്നം ഇന്ത്യയ്ക്കു മുന്‍പില്‍ അകന്നുനില്‍ക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ രോഹിത് ശര്‍മയും ഷര്‍ദുല്‍ താക്കൂറും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമെല്ലാം ചേര്‍ന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയര്‍ത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റണ്‍സിന് കൂടാരം കയറി.

ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലീഷ് ഓപണര്‍മാര്‍ കഴിഞ്ഞ ദിവസം വിക്കറ്റ് കളയാതെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അഞ്ചാംദിനമായ ഇന്ന് ജയിക്കാന്‍ വേണ്ടിയിരുന്നത് 291 റണ്‍സായിരുന്നു. സൂക്ഷിച്ചായിരുന്നു ഹസീബ് ഹമീദിന്റെയും റോറി ബേണ്‍സിന്റെയും തുടക്കം. പതുക്കെ അര്‍ധസെഞ്ച്വറിയും കടന്ന് ഓപണിങ് സഖ്യം മുന്നേറി. സഖ്യം ആദ്യ വിക്കറ്റില്‍ 100 കടന്നതിനു തൊട്ടുപിറകെ ഷര്‍ദുല്‍ താക്കൂറിലൂടെ ഇന്ത്യയ്ക്ക് ബ്രേക്ര് ത്രൂ. വിക്കറ്റ് കീപ്പര്‍ പന്ത് പിടിച്ചു പുറത്താകുമ്പോള്‍ 125 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 50 റണ്‍സ് നേടിയിരുന്നു റോറി ബേണ്‍സ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറയും ജഡേജയുമാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ ശരിക്കും പരീക്ഷിച്ചത്. മൂന്ന് വാലറ്റക്കാരെ പിടികൂടി ഉമേഷ് യാദവ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ബുംറയും ജഡേജയും താക്കൂറും രണ്ടു വീതം വിക്കറ്റുകള്‍ നേടി. സിറാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണായക സെഞ്ച്വറി നേടിയ രോഹിത് ശര്‍മ(127)യാണ് കളിയിലെ താരം.