ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു
സംസ്ഥാനത്തു ആഴ്ചകളായി ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കോവിഡ് കേസുകളില്‍ ഒരാഴ്ചക്കിടെ വലിയ വര്‍ധനവില്ല. ആഗസ്റ്റില്‍ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആര്‍ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒക്ടോബര്‍ നാലു മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ- ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാര്‍ഥികളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍- കോളജ് അധ്യാപകര്‍ നിര്‍ബന്ധമായി വാക്‌സിനെടുത്തിരിക്കണം. ഇവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കും.
സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബയോ ബബിള്‍ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം സ്ഥാപനങ്ങള്‍, ഒരു ഡോസ് വാക്‌സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ മൂന്നു കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോവീഷീല്‍ഡ് വാക്‌സിന്റെ ഇടവേള കുറച്ചതില്‍ യോജിപ്പാണെന്നും സര്‍ക്കാര്‍ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയില്ല. ഓഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.41 ആയിരുന്നു ടിപിആര്‍. 31 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ആഴ്ചയില്‍ 17.96 ആയി കുറഞ്ഞു. ജാഗ്രത തുടര്‍ന്നാല്‍ ഇനിയും കേസുകള്‍ കുറയ്ക്കാന്‍ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുറന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.