മമ്മൂട്ടി ; ജീവിത താളുകള്‍ ഇതുവരെ

പേര് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി.1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്‌കൂള്‍ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളില്‍ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്‍മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന്‍ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്.  1980ല്‍ മമ്മൂട്ടി വിവാഹിതനായി; സുല്‍ഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികള്‍ക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരുള്ള ഒരു മകനും ഉണ്ട്. അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സര്‍ക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വില്‍ അംബാസഡറാണു മമ്മൂട്ടി. അര്‍ബുദ രോഗികളെ സഹായിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ എന്ന ചാരിറ്റി സംഘടനയുടെ പേട്രണ്‍ കൂടിയാണു മമ്മൂട്ടി.

പുരസ്‌കാരങ്ങള്‍

മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്നുതവണ നേടി. ‘ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ല്‍ ലഭിച്ചു.’

ദേശീയ ചലച്ചിത്രപുരസ്‌കാരം
1990 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ)
1994 (വിധേയന്‍, പൊന്തന്‍ മാട)
1999 (അംബേദ്കര്‍ – ഇംഗ്ലീഷ്)
കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം 5 തവണ നേടിയിട്ടുണ്ട്.

1981 – അഹിംസ(സഹനടന്‍)
1984 – അടിയൊഴുക്കുകള്‍
1985 – യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്‌കാരം)
1989 – ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍
1994 – വിധേയന്‍, പൊന്തന്‍ മാട
2004 – കാഴ്ച
2009 – പാലേരിമാണിക്യം

ഫിലിംഫെയര്‍ അവാര്‍ഡുകള്‍

1984 – അടിയൊഴുക്കുകള്‍
1985 – യാത്ര
1986 – നിറക്കൂട്ട്
1990 – മതിലുകള്‍
1991 – അമരം
1997 – ഭൂതക്കണ്ണാടി
2001 – അരയന്നങ്ങളുടെ വീട്
2004 – കാഴ്ച
2006 – കറുത്ത പക്ഷികള്‍