നിപ ; വൈറസ് ബാധ റമ്പുട്ടാനില്‍ നിന്ന് തന്നെ ; 11 പേരുടെ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്പുട്ടാനില്‍ നിന്നും തന്നെയെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ്. ഇത് സ്ഥിരീകരിക്കുന്നതാണ് പ്രദേശത്ത് കണ്ടെത്തിയ വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും അതിനോടൊപ്പം കണ്ടെത്തിയ റമ്പുട്ടാന്‍ മരങ്ങളും. വൈറസ് ബാധിച്ച് മരിച്ച കുട്ടി റമ്പുട്ടാന്‍ കഴിച്ചിരുന്നു എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിനുപുറമെ കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരെല്ലാം പരിശോധനയില്‍ നെഗറ്റീവ് ആവുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ടാണ് വവ്വാലും റമ്പുട്ടാനും തന്നെയാണ് രോഗ കാരണമെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടി റമ്പുട്ടാന്‍ കഴിച്ചത്. ഈ പ്രദേശത്ത് നിന്നും ഒമ്പത് വവ്വാലുകളുടെ സാംപിളുകള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ സ്ഥിതി. ക്വാറന്റീന്‍, സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേടിയ അവബോധം പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കാന്‍ സഹായിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കാന്‍ സാധിച്ചത് രോഗനിര്‍ണ്ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും സഹായകരമായി. എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് താത്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വൈറസിന്റെ ഉറവിടം പൂര്‍ണ്ണമായും കണ്ടെത്തുന്നത് വരെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ പതിനൊന്ന് പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. മെഡിക്കല്‍ കോളേജിലുള്ള 40 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ വളരെ അടുത്ത സമ്പര്‍ക്കത്തിലുള്ള എട്ട് പേരുടെ സാമ്പിളുകളാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മുഴുവന്‍ സാമ്പിളും നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എന്‍.ഐ.വി ലാബില്‍ പരിശോധിച്ച രണ്ട് സാമ്പിളുകളും നെഗറ്റീവായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 48 പേരില്‍ പത്ത് പേരുടെ ഫലമാണ് പുറത്തുവന്നത്. ബാക്കിയുള്ളവരുടെ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കും. നിലവില്‍ 54 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. 251 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്‍.ഐ.വി. പൂനെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.