കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ; ജലീലിനെ തള്ളി മുഖ്യമന്ത്രി

ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകര മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണ്. കോടതി സ്റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. ഏ ആര്‍ നഗര്‍ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്ന് ജലീല്‍ ആരോപിച്ചത്.

ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞു. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍. നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ അമ്പതിനായിരത്തില്‍പരം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണുള്ളത്.

257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കി. എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു.