പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെയാണ് ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്ത് വന്നിരുന്നത്. രാവിലെ ഏഴരയ്ക്കാണ് അലക്കുയന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിന് ശേഷമായിരുന്നു ജയില്‍ ചാട്ടം. സംഭവത്തില്‍ വലിയ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ജയിലിന്റെ പിന്‍ഭാഗത്താണ് അലക്കു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജയിലിന് മതില്‍ നിര്‍മിച്ചിട്ടില്ല. ഈ വഴിയാണ് പ്രതി കടന്ന് കളഞ്ഞതെന്നാണ് പൊലീസ് നിഗമനം.

രാവിലെയാണ് അലക്കു കേന്ദ്രത്തിലേക്ക് രണ്ടു തടവുകാരെ ഒരു വാര്‍ഡന്‍ കൊണ്ടു വന്നത്. മറ്റ് ആവശ്യങ്ങള്‍ക്കായി വാര്‍ഡന്‍ ജയിലിലേക്ക് മടങ്ങിയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തില്‍ നിന്നും എടുത്ത ഷര്‍ട്ട് റോഡില്‍വെച്ച് ധരിക്കുന്നതും തുടര്‍ന്ന് ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെടുന്നതും നാട്ടുകാര്‍ കണ്ടിട്ടുണ്ട്. തൈയ്ക്കാട്ടേക്ക് ആദ്യം പോയ പ്രതി പിന്നീട് അവിടെ നിന്ന് നടന്ന് തമ്പാന്നൂര്‍ ബസ്റ്റാന്‍ഡില്‍ എത്തുകയും കളയിക്കാവിള ഭാഗത്തേക്ക് പോകുന്ന ബസില്‍ കറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മതിലില്ലാത്ത ഭാഗത്തു കൂടി അലക്കു കേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്ന തടവുകാര്‍ സമീപത്തെ കടയില്‍ നിന്ന് സിഗരറ്റ് വാങ്ങിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

2015ല്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിര്‍ ഹുസൈന്‍. തൂത്തുകുടിയില്‍ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്നാണ് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ പ്രവേശിപ്പിച്ചത്. ജാഹിര്‍ ഹുസൈനായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം തന്നെ ജാഹിര്‍ ഹുസൈന്‍ മുമ്പ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്നും ജയില്‍ അധികൃതര്‍ പറയുന്നു.