പത്താം ക്ലാസുകാരിയെ പറ്റിച്ചു 75 പവന്‍ കൈക്കലാക്കിയ അമ്മയും മകനും പിടിയില്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് 75 പവന്‍ കവര്‍ന്ന സംഭവത്തില്‍ മകനും മാതാവും അറസ്റ്റില്‍. മണമ്പൂര്‍ കവലയൂര്‍ എന്‍ എസ് ലാന്‍ഡില്‍ ഷിബിന്‍ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിന്‍ രണ്ടു വര്‍ഷം മുന്‍പ് പരിചയപ്പെട്ട ആറ്റിങ്ങല്‍ സ്വദേശിനിയായ പെണ്‍കുട്ടിയില്‍ നിന്നാണ് ഇത്രയും സ്വര്‍ണ്ണം ഇവര്‍ തട്ടിച്ചത്. ഏഴുമാസം മുന്‍പാണ് തട്ടിപ്പ് നടന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മനസിലാക്കിയശേഷം ഇയാള്‍ തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ വശത്താക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി ഷിബിന് കൈമാറി.

അടുത്തിടെ വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്വര്‍ണം വിറ്റ് കിട്ടിയ 9.8 ലക്ഷം രൂപ ഷെബിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ബാക്കി സ്വര്‍ണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മാതാവിന്റെറ സഹായത്തോടെയാണ് ഷെബിന്‍ സ്വര്‍ണം ആറ്റിങ്ങല്‍ ബി ടി എസ് റോഡിലെ ജ്വല്ലറിയില്‍ വിറ്റത് എന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.