പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും
സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടുവാന്‍ തീരുമാനം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. കോവിഡ് വ്യാപനം കാരണം ഇന്ത്യ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കായാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദിയിലേക്ക് വരാനായി നല്‍കിയിട്ടുള്ള സന്ദര്‍ശക വിസകളുടെ കാലാവധിയും നവംബര്‍ 30 വരെ നീട്ടും. രേഖകളുടെ കാലാവധി സ്വമേധയാ നീട്ടി നല്‍കുമെന്നും ഇതിനായി പ്രത്യേക അപേക്ഷകളൊന്നും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.