കോഴിക്കോട് മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു ; രണ്ടുപേര്‍ പിടിയില്‍
മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസും ഫഹദുമാണ് അറസ്റ്റിലായത്. രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിന്‍ വഴി ഇന്നലെ രാവിലെയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നല്‍കിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്‌നസാണെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ ആശുപത്രയില്‍ എത്തിച്ചതിന് ശേഷം പ്രതികള്‍ കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിക്ക് കാര്യമായ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
അതേസമയം കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ലോഡ്ജില്‍ നിന്ന് മുന്‍പും യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ടെന്ന് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് കോര്‍പ്പറേഷനിലെ 16ാം വാര്‍ഡായ ചേവരമ്പലത്തെ കൗണ്‍സിലര്‍ സരിത പറയേരി ഇക്കാര്യം പറഞ്ഞത്. ‘ലോഡ്ജിനെതിരെ നേരത്തെയും പരാതി നല്‍കിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ട്. സംഘര്‍ഷമുണ്ടായിട്ടുണ്ട്. പോലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,’-എന്നും കൗണ്‍സിലര്‍ പറഞ്ഞു.
കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത കേരളത്തിനാകെ അപമാനമുണ്ടാക്കിയ സാഹചര്യത്തിലാണ് കൗണ്‍സിലറുടെ പ്രതികരണം. പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്‌നാസ് കാറില്‍ യുവതിയെ ചേവരമ്പലത്തെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ യുവതി ഇക്കാര്യം ആശുപത്രി അധികൃതരോടും അവര്‍ വിളിച്ചറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.