കേരളത്തില്‍ നടക്കുന്നത് സംഘ പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് എന്ന് കെ സുധാകരന്‍

ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രിയേയും ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകളേയും സുധാകരന്‍ വിമര്‍ശിച്ചു. പിണറായി വിജയന്റെ അടിമക്കൂട്ടമായി ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അധഃപതിച്ചു. സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് താത്ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു. പിണറായി വിജയന്റെ അടിമക്കൂട്ടമായി അധഃപതിച്ച ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘപരിവാറിനനുകൂലമായി നിന്നപ്പോള്‍ വിദ്യാര്‍ത്ഥി പക്ഷത്ത് നിന്നു കൊണ്ട് സര്‍വ്വകലാശാലയിലെ കാവിവത്കരണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ സമര ഭടന്‍മാര്‍ക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. സവര്‍ക്കറെയും ഗോള്‍വള്‍ക്കറെയും പഠിക്കണമെന്ന് പറഞ്ഞ SFI യുടെ മുഖത്തേറ്റ അടി കൂടിയാണ് നമ്മുടെ കുട്ടികളുടെ സമര വിജയം സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

എന്നാല്‍ ഏതു നിമിഷവും ഈ താല്‍ക്കാലിക മരവിപ്പിക്കല്‍ പിന്‍വലിച്ചേക്കാം. സംഘ പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് ആണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞുമുള്ള RSS ബന്ധം കേരള സമൂഹം പലവട്ടം കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ RSS വോട്ട് വാങ്ങി തുടര്‍ ഭരണം നേടിയതിനുള്ള പ്രതിഫലമാകാം സംഘപരിവാറിന് ശ്രീ.വിജയന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ കാവി പുതപ്പിച്ചതിനു ശേഷം വിദ്യാഭ്യാസ മേഖലയിലും സംഘപരിവാറിന്റെ വിഷം കുത്തിവെയ്ക്കാനുള്ള വിജയന്റെ ശ്രമങ്ങള്‍ അപലപനീയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിഷ്‌കാസനം ചെയ്യാനിറങ്ങിയിരിക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് പിണറായി വിജയന്‍ കുട പിടിക്കരുത്. നമ്മുടെ കുട്ടികള്‍ക്ക് മതവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രം പഠനവിഷയമായി നല്‍കരുത്.ഇനിയും RSS ന് കുഴലൂതുന്ന നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ട് നീങ്ങിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരങ്ങള്‍. ഒരു കാര്യം ഉറച്ചു പറയാം, ‘ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് ‘