സൗദിയില്‍ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത എന്ന് ബന്ധുക്കള്‍

സൗദി : ജോലിസ്ഥലത്തെ ബാത്‌റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സിന്റെ മരണത്തില്‍ ദുരൂഹത എന്ന് ബന്ധുക്കള്‍. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍ – സെലിന്‍ ദമ്പതികളുടെ മകള്‍ ജോമി ജോണ്‍ സെലിന്റെ മൃതദേഹം (28) ആണ് ജോലി ചെയ്യുന്ന ആശുപത്രിയിലെ ബാത്റൂമില്‍ നിന്നും ലഭിച്ചത്. മൃതദേഹം ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നെടുത്ത് കൂടിയ അളവില്‍ കുത്തിവെച്ചതാണ് മരണകാരണമായതെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ്. ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള പടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദപ്പെടുത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ ജോമിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന് സമീപമുള്ള ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.